Sunday, March 15, 2026 Last Updated 33 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.28 AM

'ശബരിമലയും ഒരു കാരണമായിരിക്കാം'; തെരഞ്ഞെടുപ്പിലെ തിരിച്ചടി അപ്രതീക്ഷിതമെന്നു മുഖ്യമന്ത്രി

uploads/news/2025/12/817546/25k1.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം എല്‍.ഡി.എഫ്‌. പ്രതീക്ഷിച്ചതല്ലെന്നു തുറന്നു സമ്മതിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
തെരഞ്ഞെടുപ്പിലെ പരാജയത്തിന്‌ ശബരിമല സ്വര്‍ണക്കവര്‍ച്ചാ വിഷയം ഒരു കാരണമായിരിക്കാം. പമ്പയില്‍ അയ്യപ്പ സംഗമവേദിയിലേക്കു പോകവെ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ കാറില്‍ കയറിയതില്‍ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ്‌ ഫലം വിശദമായി പരിശോധിക്കും. വീഴ്‌ചകള്‍ കണ്ടെത്തി തിരുത്തും. ശബരിമല വിഷയം എല്‍.ഡി.എഫിനെ ബാധിച്ചിട്ടില്ലെന്നതിനു തെളിവാണു പന്തളം നഗരസഭയിലെ ബി.ജെ.പിയുടെ തോല്‍വി. ശബരിമല ഏറ്റവും കൂടുതല്‍ ബാധിക്കേണ്ട പന്തളത്തു ബി.ജെ.പിക്കു ഭരണം നഷ്‌ടപ്പെട്ടത്‌ ജനങ്ങളുടെ കൃത്യമായ വിലയിരുത്തലാണ്‌. ശബരിമല വിവാദം എല്‍.ഡി.എഫിന്‌ എതിരെങ്കില്‍ പന്തളത്ത്‌ തിരിച്ചടി വേണ്ടേ. കൊടുങ്ങല്ലൂരും നേട്ടം ഉണ്ടാക്കി. ശബരിമല വല്ലാതെ ബാധിച്ചില്ല. അതും ഒരു കാരണം ആയിരിക്കാം.
കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമലയുമായി ബന്ധപ്പെട്ട്‌ വലിയ തോതില്‍ പ്രചാരണം നടത്തി. സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. തട്ടിപ്പില്‍ ശക്‌തമായ നടപടി സ്വീകരിച്ചു. ഹൈക്കോടതി നിയോഗിച്ച എസ്‌.ഐ.ടിയെ സര്‍ക്കാര്‍ പിന്തുണച്ചു. എസ്‌.ഐ.ടി. വന്നപ്പോള്‍ സി.ബി.ഐക്ക്‌ വിടണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. എസ്‌.ഐ.ടി. ഫലപ്രദമായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍.ഡി.എഫിന്റെ പരാജയത്തിന്‌ പിന്നില്‍ യു.ഡി.എഫ്‌-ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ടാണ്‌. പല വാര്‍ഡുകളിലും വോട്ട്‌ മറിക്കല്‍ നടന്നു. ബി.ജെ.പിയെ ജയിപ്പിക്കാന്‍ യു.ഡി.എഫ്‌ സ്വന്തം വോട്ട്‌ കുറച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂടുതല്‍ വോട്ട്‌ നേടിയത്‌ എല്‍.ഡി.എഫാണ്‌. 12 സീറ്റില്‍ 60 ല്‍ താഴെ വോട്ടിനാണ്‌ എല്‍.ഡി.എഫ്‌. തോറ്റത്‌. ഇവിടങ്ങളില്‍ യു.ഡി.എഫ്‌ വോട്ട്‌ 1000ല്‍ താഴെയാണ്‌. യു.ഡി.എഫ്‌. ജയിച്ച വാര്‍ഡില്‍ ബി.ജെ.പിക്ക്‌ 1000 ല്‍ താഴെ വോട്ടാണ്‌ കിട്ടിയത്‌.
യു.ഡി.എഫ്‌. വോട്ട്‌ ബി.ജെ.പിക്ക്‌ പോയതാണ്‌ പലയിടത്തും എല്‍.ഡി.എഫിന്‌ വിനയായത്‌. യു.ഡി.എഫ്‌. പ്രധാന പ്രതിപക്ഷമായ പാലക്കാട്‌ പോലും അവര്‍ക്ക്‌ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബി.ജെ.പിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എല്‍.ഡി.എഫിന്‌ മാത്രമേ സാധിക്കൂ. പമ്പയില്‍വച്ച്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതിനെ ചിലര്‍ മഹാ അപരാധമായി ചിത്രീകരിക്കുന്നു. കാറില്‍ കയറിയതില്‍ ഒരു തെറ്റുമില്ല. -മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വിവാദമായ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്‌, സമുദായ നേതാക്കള്‍ക്ക്‌ അവരുടെ അഭിപ്രായം പറയാം എന്നായിരുന്നു മറുപടി. ഇതിന്‌ വെള്ളാപ്പള്ളി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW