Sunday, March 15, 2026 Last Updated 32 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.28 AM

ക്രിസ്‌മസ്‌ വേളയിലെ ൈക്രസ്‌തവപീഡന പരമ്പര ആസൂത്രിതം: ജോസ്‌ കെ. മാണി

കോട്ടയം: ക്രിസ്‌മസ്‌ വേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിസ്‌ത്യന്‍ ആരാധനാലയങ്ങള്‍ക്കുള്ളിലടക്കം നടന്ന ൈക്രസ്‌തവക്കെതിരായ അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും സംഘപരിവാര്‍ സംഘടനകളുടെ അജന്‍ഡയുടെ ഭാഗമാണെന്നും കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി.
മധ്യപ്രദേശിലെ ജബല്‍പൂരില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറി കാഴ്‌ചശക്‌തിയില്ലാത്ത ഒരു സ്‌ത്രീവിശ്വാസിയെ ശാരീരികമായി ആക്രമിച്ചത്‌ ബി.ജെ.പിയുടെ വൈസ്‌ പ്രസിഡന്റായ ഒരു വനിതയാണ്‌.
ഡല്‍ഹിയിലെ ആരാധനാലയത്തിനുള്ളില്‍ പ്രധാന പ്രാര്‍ഥനാസ്‌ഥലത്തെത്തി വര്‍ഗീയവാദികള്‍ ക്രിസ്‌തുനിന്ദ നടത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. കേരളത്തില്‍ പാലക്കാട്ട്‌ കരോള്‍ സംഘത്തിനു നേരെയും ആക്രമണമുണ്ടായി. ഉത്തരേന്ത്യയിലെമ്പാടും ക്രിസ്‌മസ്‌ ചിഹ്‌നങ്ങള്‍ തെരുവില്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണു നിലനില്‍ക്കുന്നത്‌. ഛത്തീസ്‌ഗഡിലെ ദുര്‍ഗ്‌ റെയില്‍വേ സ്‌റ്റേഷനില്‍ മലയാളി കന്യാസ്‌ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ്‌ എന്നിവരെ ആക്രമിക്കാന്‍ നേതൃത്വം കൊടുത്തത്‌ ജ്യോതി ശര്‍മ എന്ന ബജരംഗ്‌ദള്‍ വനിതാ നേതാവാണ്‌.
തീവ്രവര്‍ഗീയത മുഖമുദ്രയാക്കിയവര്‍ വനിതകളെ മുന്‍നിര്‍ത്തിയാണു ൈക്രസ്‌തവ സമൂഹത്തിനു നേരേ ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്‌. ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാസ്വാതന്ത്ര്യം അപകടത്തിലാക്കുന്ന സാഹചര്യമാണു ചിലര്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌. ന്യൂനപക്ഷ പ്രീണനം പൊയ്‌മുഖവും മതന്യൂനപക്ഷ പീഡനം മുഖമുദ്രയുമാക്കിയാണ്‌ കേരളത്തില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌. ക്രിസ്‌മസ്‌ ദിനങ്ങളെ ഭീഷണിയുടെ നിഴലിലാക്കിയവരെ വിശ്വാസിസമൂഹം തിരിച്ചറിയണമെന്നും ജാഗ്രത പുലര്‍ത്തേണ്ട നാളുകളാണു മുന്നിലുള്ളതെന്നും ജോസ്‌ കെ. മാണി ചൂണ്ടിക്കാട്ടി.

Ads by Google
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW