-->
പാലാ: 43-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ കൃപാഭിഷേകത്തിന് പാലാ സെന്റ് തോമസ് കോളജ് മൈതാനത്ത് ഭക്‌തിനിര്‍ഭരമായ സമാപനം.19 മുതല്‍ 23 വരെ നടന്ന കണ്‍വന്‍ഷന്‍ എല്ലാദിവസവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഭക്‌തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയും ദൈവവചനത്തിന്റെ വെളിച്ചത്തില്‍ നടന്ന പ്രഘോഷണങ്ങളും സൗഖ്യ, വിടുതല്‍ ശുശ്രൂഷകളും അനേകരെ ദൈവകൃപയുടെ പുതിയ തലങ്ങളിലേക്കുയര്‍ത്തി. ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും വിശ്വാസികള്‍ക്ക് ഹൃദയത്തില്‍ നവമായ ദൈവാനുഭവത്തിന്റെ പവിത്രമായ കാലഘട്ടമായിരുന്നു.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ഡൊമിനിക് വാളന്മനാലും ടീമും നയിച്ച കണ്‍വന്‍ഷനില്‍ ദിവസവും പതിനായിരങ്ങള്‍ ഒത്തുകൂടി. സമാപന ദിവസത്തെ ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, ചാന്‍സിലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, ആര്‍ച്ച് പ്രിസ്‌റ്റ് ഫാ. തോമസ് മേനാചേരി, ഫാ. അഗസ്‌റ്റിന്‍ കണ്ടത്തില്‍ കുടിലില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. സമാപന സമ്മേളന ചടങ്ങില്‍ മലങ്കര സുറിയാനി മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കി. മോണ്‍. സെബാസ്‌റ്റ്യന്‍ വേത്താനത്ത്, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.