Sunday, March 15, 2026 Last Updated 26 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.34 AM

സംസ്‌ഥാനത്ത്‌ പക്ഷിപ്പനി

ആലപ്പുഴ: ക്രിസ്‌മസ്‌ സീസണിനിടെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി സംസ്‌ഥാനത്ത്‌ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു.
കുട്ടനാട്ടിലെ ഏഴ്‌ പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത്‌ പക്ഷിപ്പനി കാരണമെന്നാണ്‌ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂറ്റ്‌ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ്‌ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ സ്‌ഥിരീകരിച്ചത്‌.
ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സംസ്‌ഥാന സര്‍ക്കാരിനെ അറിയിച്ചതോടെ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയില്‍ എട്ട്‌ പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡില്‍ വീതവും കോട്ടയത്ത്‌ നാലിടങ്ങളിലായി നാല്‌ വാര്‍ഡുകളിലുമാണ്‌ രോഗബാധ കണ്ടെത്തിയത്‌.
ആലപ്പുഴ ജില്ലയിലെ തകഴി, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്‌, പുറക്കാട്‌, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത്‌ എന്നീ പഞ്ചായത്തുകളിലാണ്‌ രോഗബാധ. നെടുമുടിയില്‍ കോഴികള്‍ക്കും മറ്റുള്ളിടത്ത്‌ താറാവിനുമാണ്‌ രോഗം സ്‌ഥിരീകരിച്ചത്‌.
കോട്ടയത്ത്‌ കുറുപ്പന്തറ, മാഞ്ഞൂര്‍, കല്ലുപുരക്കല്‍, വേളൂര്‍ എന്നീ വാര്‍ഡുകളിലാണ്‌ രോഗബാധ. കാട, കോഴി എന്നിവക്കാണ്‌ രോഗം സ്‌ഥിരീകരിച്ചത്‌. പരിശോധനഫലം മൃഗസംരക്ഷണ വകുപ്പിന്‌ കൈമാറി. ഇതിന്റെ അടിസ്‌ഥാനത്തില്‍ അടിയന്തര നടപടികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. കോഴി, താറാവ്‌, കാട എന്നിങ്ങനെ എല്ലായിനം വളര്‍ത്തുപക്ഷികളേയും രോഗം ബാധിക്കാം. പക്ഷികളുമായി ഇടപഴകുന്നവര്‍ ശ്രദ്ധിക്കണം.
സാധാരണഗതിയില്‍ പക്ഷിപ്പനി പെട്ടെന്ന്‌ മനുഷ്യരിലേക്ക്‌ പടരില്ലെങ്കിലും ഇന്‍ഫ്‌ളൂവന്‍സ എ വിഭാഗം വൈറസുകള്‍ പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക്‌ പടരാന്‍ സാധ്യതയുള്ള രോഗാണുവാണ്‌. മലിനമായ പ്രതലങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും പകരാറുണ്ട്‌.
പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങള്‍ക്ക്‌ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കാന്‍ നടപടി ആരംഭിച്ചു.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താറാവുകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക അകറ്റാന്‍ അടിയന്തരമായി സര്‍ക്കാര്‍ തയാറാകണമെന്ന്‌ ഓള്‍ കേരള പൗള്‍ട്ടറി ഫെഡറേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ്‌.കെ നസീര്‍ ആവശ്യപ്പെട്ടു.
ക്രിസ്‌മസ്‌ ന്യൂ ഇയര്‍ സീസണുകളില്‍ വില്‍പനയ്‌ക്ക്‌ തയാറായ ഇറച്ചിക്കോഴി ഫാമുകളിലേക്ക്‌ രോഗം വ്യാപിക്കാതെ കര്‍ശന നടപടികള്‍ സ്വീകരിച്ച്‌ നിയന്ത്രിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 24 Dec 2025 08.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW