-->
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡി.ജി.പിയുടെയും സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെയും ശിപാര്‍ശകള്‍ അംഗീകരിച്ചാണു സര്‍ക്കാര്‍ നടപടി.
നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയതു നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡി.ജി.പിയും സ്‌പെഷല്‍ പ്രോസിക്യൂട്ടറും ചൂണ്ടിക്കാട്ടുന്നത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്‌തരാക്കിയതു ചോദ്യം ചെയ്‌താണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണു ദിലീപിനെ വിചാരണ കോടതി വെറുതെവിട്ടത്.
എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ശക്‌തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇതു തെളിയിക്കാന്‍ കഴിയുമെന്നുമാണു പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. ക്രിസ്‌മസ് അവധിക്കുശേഷം ജനുവരി പകുതിയോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണു തീരുമാനം.