-->
കൊച്ചി: പ്രവര്‍ത്തിക്കുന്ന ഏത് മേഖലയിലും കൂടുതല്‍ മുന്നോട്ടുവരണമെന്ന് സ്‌ത്രീകള്‍ തീരുമാനിച്ചാല്‍ അവരെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ജെബി മേത്തര്‍ എം.പി. സ്‌ത്രീശാക്‌തീകരണം ആവശ്യമാണെന്നു പറയുമ്പോഴും ഒരടി പിന്നില്‍ നിന്നാല്‍ മതി എന്ന അപകര്‍ഷതാബോധം ഉള്ളില്‍ പേറുന്നവരാണ് അധികം സ്‌ത്രീകളുമെന്നും അവര്‍ പറഞ്ഞു.
സ്‌ത്രീശാക്‌തീകരണത്തിന് സമൂഹം കൂടി ഒരുങ്ങേണ്ടതുണ്ടെന്ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ മംഗളം സംഘടിപ്പിച്ച എംപവേഡ് വിമണ്‍ മീറ്റ് 2025- 'ഹെര്‍ റൈസ് ' ഉദ്‌ഘാടനം ചെയ്‌ത് ജെബി മേത്തര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് പദവിക്ക് തൊട്ടടുത്തെത്തിയ കമല ഹാരിസിനു പോലും സ്‌ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറയേണ്ടിവന്നെന്നും അവര്‍ ഓര്‍മിപ്പിച്ചു.
സ്‌ത്രീകള്‍ക്ക് ആത്മവിശ്വാസം നേടാനുള്ള ഒരു വേദിയായി വിമണ്‍ മീറ്റ് മാറി. സ്വയം പര്യാപ്‌തതകൊണ്ട് മാത്രം ഒരു സ്‌ത്രീ പൂര്‍ണയാകുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ പറഞ്ഞു. സ്വന്തം ഇഷ്‌ടങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്നതാവണം സ്‌ത്രീകളുടെ ജീവിതം. അത് സ്വാര്‍ഥത അല്ല. കൂടുതല്‍ വിവേകമതികള്‍ ആകുമ്പോഴാണ് ഉയര്‍ച്ച സാധ്യമാകുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കുക്കു പറഞ്ഞു.
സ്വന്തം തട്ടകത്തില്‍ പൊരുതി വിജയം നേടിയ നാല്‍പത് സ്‌ത്രീകളുടെ അനുഭവസാക്ഷ്യങ്ങള്‍ രേഖപ്പെടുത്തിയ മംഗളം ഹെയര്‍ ടെയ്‌ല്‍ എംപവര്‍ വുമണ്‍ സ്‌റ്റോറീസ് എന്ന കോഫി ടേബിള്‍ ബുക്ക് കുക്കു പരമേശ്വരന് നല്‍കി ജെബി മേത്തര്‍ പ്രകാശനം ചെയ്‌തു. നാടക- ചലച്ചിത്ര നടി പൗളി വില്‍സണ്‍, മായ. വി, സാമൂഹിക സേവന മേഖലയില്‍ നിന്ന് ഡോ. സോഫിയ മോഹന്‍, സി. നീതു,ജാസ്‌മിന്‍ കെ. മാത്യു, ആല്‍ഫി വര്‍ഗീസ്, മോളി മന്ന എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ സാന്ദ്ര തോമസ്, തനൂജ ഭട്ടതിരി, എറിന്‍ ഷിബു, ആര്‍.ജെ മഞ്‌ജു, ഐശ്വര്യ ചന്ദ്രന്‍, ഡോ. എലിസബത്ത് വര്‍ക്കി എന്നിവര്‍ പങ്കെടുത്തു. അവതാരക സംഗീത സക്കറിയ മോഡറേറ്ററായി. പൂര്‍ണമായും സ്‌ത്രീകള്‍ നിയന്ത്രിച്ച മംഗളം എംപവേഡ് വിമണ്‍ മീറ്റിന് മേരി ജിഷ സ്വാഗതം ആശംസിച്ചു.