-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദേശ വ്യവസായിയുടെ മൊഴി. ശബരിമലയില്‍നിന്നു സ്വര്‍ണം കൂടാതെ നാല് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി )മൊഴി ലഭിച്ചു.
2019-20 കാലഘട്ടത്തില്‍ രാജ്യാന്തര പുരാവസ്‌തു കടത്ത് സംഘത്തിനാണ് ഈ വിഗ്രഹങ്ങള്‍ കൈമാറിയതെന്നാണ് വെളിപ്പെടുത്തല്‍. സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റിയായിരുന്നു വിഗ്രഹക്കടത്തിലെയും പ്രധാന ഇടനിലക്കാരനെന്ന് മൊഴിയില്‍ പറയുന്നു. ഡി. മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിക്കാണ് വിഗ്രഹങ്ങള്‍ വിറ്റത്. 2020 ഒക്‌ടോബര്‍ 26ന് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ഉന്നതനും പങ്കെടുത്തതായി വ്യവസായി വെളിപ്പെടുത്തി. മൊഴിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.