-->
തിരുവനന്തപുരം സര്‍ക്കാര്‍ ഷെല്‍ട്ടര്‍ഹോമില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. മെഡിക്കല്‍ കോളജ് മടത്തുവിള സ്വദേശി വിഷ്‌ണുവിനെയാണ് (35) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജി അഞ്‌ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും ഇരയ്‌ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി മതിയായ നഷ്‌ടപരിഹാരം ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു.
2022 നവംബര്‍ 5നാണ് കേസിനാസ്‌പദമായ സംഭവം. ഷെല്‍ട്ടര്‍ഹോമില്‍ നിന്നും പുറത്തുകടന്ന 15 വയസുള്ള രണ്ട് പെണ്‍കുട്ടികളെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ വച്ച് പ്രതി തടഞ്ഞു. പോലീസുകാരനാണെന്ന് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തി. കുട്ടികളെ സ്‌കൂട്ടറില്‍ കയറ്റി അടുത്തുള്ള ലോഡ്‌ജിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. പുലര്‍ച്ചെ കുട്ടികളെ മെഡിക്കല്‍ കോളജ് ജങ്‌ഷനില്‍ ഇറക്കിവിട്ട് ഇയാള്‍ കടന്നുകളഞ്ഞു.
ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ പൂജപ്പുര പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി.