Sunday, March 15, 2026 Last Updated 34 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.21 AM

എം.എല്‍.എ. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ടിയെയും അസോസിയേറ്റ്‌ അംഗങ്ങളായി

uploads/news/2025/12/817340/2.jpg

കൊച്ചി: മുന്‍ നിലമ്പൂര്‍ എം.എല്‍.എ. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ടിയെയും അസോസിയേറ്റ്‌ അംഗങ്ങളായി യു.ഡി.എഫ്‌. മുന്നണിയില്‍ ഉള്‍പ്പെടുത്തും. കളമശേരിയില്‍ ചേര്‍ന്ന സമ്പൂര്‍ണ യു.ഡി.എഫ്‌. യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌. വിഷ്‌ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ്‌ കോണ്‍ഗ്രസും മുന്നണിയില്‍ ചേരാന്‍ കത്ത്‌ നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ പറഞ്ഞു.
യു.ഡി.എഫിന്റെ ഭാഗമാകണമെന്ന ആവശ്യപ്പെട്ടവരെ മാത്രമാണ്‌ പരിഗണിച്ചത്‌. മുന്നണി വിട്ടുപോയവരുടെ തിരിച്ചു വരവ്‌ സംബന്ധിച്ച്‌ ചര്‍ച്ച നടന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനോടടുത്ത്‌ കൂടുതല്‍ പ്രാദേശിക കക്ഷികള്‍ മുന്നണിയുടെ ഭാഗമാകും. നിരുപാധിക പിന്തുണയാണു കക്ഷികള്‍ മുന്നോട്ടുവയ്‌ക്കുന്നതെന്നും സീറ്റ്‌ വിഭജനം അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ചുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. സ്‌ഥാനാര്‍ഥി നിര്‍ണയം ജനുവരി പകുതിയോടെ പൂര്‍ത്തീകരിക്കാനാണ്‌ യു.ഡി.എഫ്‌. ലക്ഷ്യമിടുന്നത്‌. ഫെബ്രുവരി ആദ്യവാരം കാസര്‍ഗോഡുനിന്നു തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സംസ്‌ഥാനത്തിന്റെ സമഗ്രമായ മാറ്റം ലക്ഷ്യമിടുന്ന മാനിഫെസേ്‌റ്റാ ഇത്തവണ ഉണ്ടാകും. ഇതിനായി ഒരു വര്‍ഷത്തിലേറെയായി വിദഗ്‌ധരടങ്ങുന്ന സമിതി ഓരോ മേഖകളെയും കുറിച്ച്‌ വിശദമായി പഠിച്ച്‌ മാനിഫെസേ്‌റ്റാ തയാറാക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനോടടുത്ത്‌ ടീം യു.ഡി.എഫ്‌. മികച്ച പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ആയി മാറും. ഇടതു പക്ഷത്തോടൊപ്പം ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന നിരവധി സഹയാത്രികള്‍ വരെ യു.ഡി.എഫിനൊപ്പം ചേരും. മാസങ്ങളായി ഇത്തരക്കാരുമായി നടക്കുന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്‌. ഇടതുപക്ഷം തീവ്ര വലതുപക്ഷമായി മാറിയെന്ന ഇക്കൂട്ടരുടെ തിരിച്ചറിവാണ്‌ യു.ഡി.എഫിനൊപ്പം അണിചേരാന്‍ ഘടകമാകുന്നത്‌.
സി.പി.എം, ബി.ജെ.പി. എന്നിവരുമായി പ്രാദേശിക സര്‍ക്കാരുകളോ, ഉടമ്പടിയോ, ധാരണകളോ പാടില്ലെന്ന സുപ്രധാനമായ തീരുമാനവും യു.ഡി.എഫ്‌. യോഗം കൈക്കൊണ്ടു.
തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ പശ്‌ചാത്തലത്തില്‍ മിഷന്‍ 26 പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ വരെയുള്ള ഷെഡ്യൂള്‍ തയാറാക്കി വ്യക്‌തമായ ആസൂത്രണത്തോടെയാണ്‌ ഇത്തവണ യു.ഡി.എഫ്‌. മുന്നോട്ടു പോകുന്നതെന്ന്‌് സതീശന്‍ വ്യക്‌തമാക്കി.
മൂന്നു പതിറ്റാണ്ടിനിടെ മികച്ച വിജയമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായതെന്നും, ഉജ്വല വിജയം സമ്മാനിച്ച വോട്ടര്‍മാരോട്‌ നന്ദിയുെണ്ടന്നും അദ്ദേഹം പറഞ്ഞു. അതിശക്‌തമായ ഭരണ വിരുദ്ധ വികാരം സംസ്‌ഥാനത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. ശബരിമല കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂച്ചു വിലങ്ങിടുകയാണെന്ന യു.ഡി.എഫിന്റെ ആരോപണം ഹൈക്കോടതി ശരിവച്ചെന്നും ഇനിയും ശബരിമല കേസില്‍ സി.പി.എമ്മിന്റെ ഉന്നതര്‍ പിടിയിലാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയില്‍ നിന്ന്‌ സിപിഎമ്മിന്‌ പാഠം പഠിക്കാനായിട്ടില്ലെന്നും, അസഹിഷ്‌ണുതയില്‍ അക്രമം അഴിച്ചു വിടുകയാണെന്നും പ്രതിപക്ഷ നേതാവ്‌ കുറ്റപ്പെടുത്തി.
പതിനായിരം കോടി സഹകരണ ബാങ്കുകളില്‍നിന്ന്‌ കടമെടുക്കാനാണ്‌ സര്‍ക്കാരിന്റെ നീക്കം. ഗ്രാമീണ സമ്പദ്‌ വ്യവസ്‌ഥയുടെ നട്ടെല്ല്‌ തകര്‍ക്കുന്ന നീക്കമാണ്‌ ഇതെന്നും ഈ നീക്കം സാമ്പത്തികമായി സഹകരണ മേഖലയുടെ തകര്‍ച്ചയിലേക്ക്‌ നയിക്കുമെന്നും സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശ്‌ എം.പി, കെ.പി.സി.സി. പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ എം.എല്‍.എ, നേതാക്കളായ രമേശ്‌ ചെന്നിത്തല, കെ. സുധാകരന്‍ എം.പി, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ എം.പി, എം.എം. ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ്‌ ബഷീര്‍, അബ്‌ദുള്‍ വഹാബ്‌, പി.എം.എ. സലാം, പി.ജെ. ജോസഫ്‌, മോന്‍സ്‌ ജോസഫ്‌, പി.സി. തോമസ്‌, തോമസ്‌ ഉണ്ണിയാടന്‍, സ്‌കറിയാ തോമസ്‌, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, രാജന്‍ ജോസഫ്‌, മാണി സി. കാപ്പന്‍, അനൂപ്‌ ജേക്കബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Tuesday 23 Dec 2025 08.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW