-->
തൃശൂര്‍: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരണപ്പെട്ട റാം നാരായണ്‍ ബഗേലിന്റെ കുടുംബാംഗങ്ങളുമായും ആക്‌ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായും മന്ത്രി കെ. രാജന്‍ ചര്‍ച്ച നടത്തി. മന്ത്രി നല്‍കിയ ഉറപ്പുകളുടെ അടിസ്‌ഥാനത്തില്‍ ബന്ധുക്കള്‍ ഇന്ന് മൃതദേഹം ഏറ്റെടുത്ത് പകല്‍ 11 മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനമാര്‍ഗം സ്വദേശമായ ഛത്തീസ്‌ഗഡിലേക്ക് തിരിക്കും.
തൃശൂര്‍ കലക്‌ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, റവന്യൂ ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കുന്ന കാര്യം 31ന് ചേരുന്ന ക്യാബിനറ്റ് പരിഗണിക്കും. 10 ലക്ഷം രൂപയില്‍ കുറയാത്ത സഹായം വേണമെന്ന അഭിപ്രായം ഗൗരവമായി കാണുമെന്നും വിഷയം മന്ത്രിസഭയില്‍ അവതരിപ്പിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.
ഈ പണം അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പാക്കും. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വാങ്ങി അവകാശികളാണെന്ന് ഉറപ്പ് വരുത്തി അവരുടെ കൈയില്‍ തന്നെ ആ പണം എത്തിക്കുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ കലക്‌ടറെ ചുമതലപ്പെടുത്തി.-മന്ത്രി പറഞ്ഞു.
മലയാളക്കരയ്‌ക്കു തന്നെ അപമാനകരമായ സംഭവമാണുണ്ടായതെന്നും റാം നാരായണ്‍ ബഗേലിന്റെ മരണം അത്യന്തം ഗൗരവത്തോട് കൂടി തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ചര്‍ച്ചക്ക് ശേഷം മന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തു. വംശീയ അധിക്ഷേപമുണ്ടായോ എന്നു പരിശോധിക്കേണ്ടത് എസ്.ഐ.ടിയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെയും വെറുതെ വിടില്ല. എസ്.സി/ എസ്.ടി. വിഭാഗത്തിന് നേരെയുള്ള ആക്രമണം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നടപടികള്‍ സ്വീകരിക്കും.-മന്ത്രി കെ. രാജന്‍ പറഞ്ഞു.