-->
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്‌റ്റിലായ അഞ്ച് പ്രതികളില്‍ നാലു പേര്‍ ബി.ജെ.പി. അനുഭാവികളും ഒരാള്‍ സി.ഐ.ടി.യു പ്രവര്‍ത്തകനുമാണെന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഒന്നാം പ്രതി അനു, രണ്ടാം പ്രതി പ്രസാദ്, മൂന്നാം പ്രതി മുരളി, അഞ്ചാം പ്രതി ബിപിന്‍ എന്നിവര്‍ക്കാണ് സംഘ്‌പരിവാര്‍ ബന്ധമുണ്ടെന്ന് പോലീസ് പ്രാഥമികാന്വേഷണത്തില്‍ സ്‌ഥിരീകരിച്ചിരിക്കുന്നത്. നാലാം പ്രതി ആനന്ദന്‍ സി.ഐ.ടി.യു പ്രവര്‍ത്തകനാണ്.
മര്‍ദിക്കുന്നതിനിടയില്‍ രാംനാരായണിനോട് ബംാദേശിയാണോ എന്ന് ചോദിക്കുന്ന വീഡിയോ ലഭിച്ചിട്ടുണ്ട്. പതിനഞ്ചോളം പേരാണ് കേസിലെ പ്രതികളെന്നാണ് പോലീസ് പറയുന്നത്. പ്രതിപ്പട്ടിക നീളാനിടയുണ്ട്. സംഭവത്തിലുള്‍പ്പെട്ട പലരും നാടുവിട്ടു. അവര്‍ക്കായി അന്വേഷണം തുടരുകയാണ്.
കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ രാംനാരായണിനെ ആക്രമിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന്റെ മുതുകിലും തലയിലും പ്രതികള്‍ വടി കൊണ്ടും കൈകള്‍ കൊണ്ടും അടിച്ചു. ഒന്നും രണ്ടും പ്രതികളാണ് ഈ തരത്തില്‍ മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. മൂന്നാം പ്രതി മുഖത്ത് കൈ കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചു. നാലാം പ്രതി വയറ്റത്ത് ചവിട്ടുകയാണ് ചെയ്‌തത്. അഞ്ചാം പ്രതിയും സമാനമായ രീതിയില്‍ പെരുമാറി.
സാക്ഷിമൊഴികളുടേയും വീഡിയോ ക്ലിപ്പുകളുടേയും സഹായത്തോടെയാണ് അന്വേഷണമെന്നും പ്രതികളായ മുഴുവന്‍ പേരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ജില്ലാ പോലീസ് മേധാവി അജിത്‌കുമാര്‍ പറഞ്ഞു. ജില്ലാ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി: ഗോപകുമാറിന്റെ നേതൃത്വത്തില്‍ പത്ത് അംഗ എസ്.ഐ.ടി രൂപീകരിച്ചിട്ടുണ്ട്.
ഛത്തിസ്‌ഗഡ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസ് കൈകാര്യം ചെയ്യുന്നതില്‍ വാളയാര്‍ പോലീസിന് തുടക്കത്തില്‍ വീഴ്‌ച പറ്റിയതായും വിമര്‍ശനമുയരുന്നു. രാംനാരായണിന്റെ മരണം നടന്ന ദിവസം കൂടുതല്‍ പേരെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. അതില്‍ പലരേയും വിട്ടയച്ചു.