-->
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്‌തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍. മാര്‍ട്ടിന്റെ വീഡിയോ ഫെയ്‌സ്‌ബുക്ക് പേജുകളില്‍ വാണിജ്യ അടിസ്‌ഥാനത്തില്‍ അപ്പ് ചെയ്‌തവര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ സിറ്റി പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്.
എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളായ ഇവര്‍ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയര്‍ ചെയ്‌തതായി പോലീസ് കണ്ടെത്തി. ബി.എന്‍.എസ്. എസ് 72, 75 വകുപ്പുകളും ഐടി ആക്‌ട് സെക്ഷന്‍ 67 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തത്. 200 ഓളം സൈറ്റുകളില്‍ വീഡിയോ കണ്ടെത്തി.
ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. വീഡിയോ ഷെയര്‍ ചെയ്‌ത ലിങ്കുകളും സൈറ്റുകളും പോലീസ് നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്കു ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്നു പോലീസ് ചൂണ്ടിക്കാട്ടി. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി തുടരുമെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ ദേശ്‌മുഖ് അറിയിച്ചു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികള്‍ കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പു നല്‍കി.