Wednesday, March 18, 2026 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 12.13 PM

സര്‍ക്കാരിന്റെ ക്രിസ്മസ് സമ്മാനം, 25 രൂപ നിരക്കില്‍ 20 കിലോ അരി ; 500 രൂപയ്ക്ക് 12 ഇന കിറ്റ്

uploads/news/2025/12/817253/christmas-kit.jpg

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിലേക്ക് നീങ്ങുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് സമ്മാനം. 25 രൂപയ്ക്ക് 20 കിലോ അരിയും 500 രൂപയ്ക്ക് 12 ഇനങ്ങള്‍ വരുന്ന കിറ്റും. ഇതിനൊപ്പം വെളിച്ചെണ്ണയുടെ വില 20 രൂപ വരെ കുറയ്ക്കാനും തീരുമാനമുണ്ട്. വിലവര്‍ധനയുടെ ഭാരം ജനങ്ങള്‍ അനുഭവിക്കാതിരിക്കാന്‍ ക്രിസ്മസ് പുതുവത്സര ഫെയറുകള്‍ നടത്തും.

സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയര്‍ ജനുവരി 1 വശരയാണ് നടക്കുക. ഇവിടെ ഒരു കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാകും. 6 ജില്ലകളില്‍ പ്രത്യേക ക്രിസ്മസ് ഫെയറുണ്ടാകും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകള്‍ ഉണ്ടാകുക. ഉപഭോക്താക്കള്‍ക്കായി പ്രത്യേക കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്.

500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങിയാല്‍ ഒരു കിലോ ശബരി ഉപ്പിന് ഒരു രൂപ നല്‍കിയാല്‍ മതി. കൂടാതെ 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതല്‍ ലഭിക്കും. 500 രൂപയാണ് കിറ്റിന്റെ വില. പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് ആണ് 500 രൂപയ്ക്ക് ലഭിക്കുക.

ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50% വരെ വിലക്കുറവുണ്ടായിരിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ 280 ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ഉണ്ടായിരിക്കും. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. 1000 രൂപയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ വഴി 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ ലഭ്യമാകും. ക്രിസ്മസ്- പുതുവത്സര വിപണിയോട് അനുബന്ധിച്ച് സാധനങ്ങള്‍ വിലക്കുറവില്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നല്‍കും. സപ്ലൈകോ വഴി 319 രൂപയ്ക്ക് നല്‍കുന്ന സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയാക്കും. ഒരു കിലോ ആട്ട 17 രൂപ നിരക്കില്‍ നല്‍കും. വെള്ള -നില കാര്‍ഡ് ഉടമകള്‍ക്കാണ് ഇത് നല്‍കുക. ഈ നിരക്കില്‍ രണ്ട് കിലോ വരെ സപ്ലൈകോയില്‍ നിന്ന് വാങ്ങാം. നേരത്തെ മഞ്ഞ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരുന്നു ഈ നിരക്കില്‍ ആട്ട നല്‍കിയിരുന്നത്.

Ads by Google
Monday 22 Dec 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW