-->
രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്‍. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി മുന്നേറുന്ന ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠി. വളരെ മികച്ച രീതിയില്‍ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണ് ധുരന്ധര്‍ എന്നും ഒരു സിനിമ എത്ര നന്നായി നിര്‍മ്മിച്ചാലും അത് എപ്പോഴും ' പ്രൊപ്പഗാണ്ട' മാത്രമാണെന്നും ധ്രുവ് വീഡിയോയിലൂടെ പറഞ്ഞു. ദി താജ് സ്റ്റോറി, ദി ബംഗാള്‍ ഫയല്‍സ് പോലുളള സിനിമകളേക്കാള്‍ അപകടകരമായ സിനിമയാണ് ധുരന്ധര്‍ എന്ന് ധ്രുവ് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
'നന്നായി നിർമിച്ച ഒരു പ്രൊപ്പഗാണ്ട സിനിമ വളരെ അപകടകരമാണ്. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫയല്‍സ് പോലുള്ള സിനിമകൾ മോശം സിനിമകളായതിനാൽ അപകടകരമായിരുന്നില്ല, പക്ഷേ ധുരന്ധര്‍ വളരെ നന്നായി ചിത്രീകരിച്ച സിനിമയാണ്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ധുരന്ദർ നിർമിച്ചത് എന്ന് ആവർത്തിച്ച് കാണിക്കുന്നത് എന്നതാണ് പ്രശ്നം'.
കൊലയും കൊള്ളയും നടത്തുന്ന, ലഹരിമരുന്ന് ഉപയോഗിക്കുന്ന അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ദകൈത് എന്ന കുറ്റവാളിയെ സിനിമ ആഘോഷിക്കുന്നുവെന്ന് ധ്രുവ് പറയുന്നു. ‘അമ്മയെ പോലും കൊന്ന അയാള്‍ക്ക് സ്റ്റൈലിഷ് ലുക്കുകൾ, വൈറൽ നൃത്തച്ചുവടുകൾ. അക്രമികളെ ഈ രീതിയിൽ സ്റ്റൈലൈസ് ചെയ്യുന്നത് ഉചിതമാണോ?’ ധ്രുവ് ചോദിച്ചു. ധുരന്ധറിലെ കഥപറച്ചിലിനെ അംഗീകരിച്ചെങ്കിലും അതിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച നടൻ ഹൃത്വിക് റോഷന്റെ അഭിപ്രായങ്ങളെയും ധ്രുവ് വിമര്‍ശിക്കുന്നുണ്ട്.
‘സിനിമയുടെ രാഷ്ട്രീയത്തോട് താൻ യോജിക്കുന്നില്ലെങ്കിലും കഥപറച്ചിൽ വളരെ മികച്ചതായിരുന്നുവെന്ന് ഹൃത്വിക് റോഷൻ പറഞ്ഞു. അദ്ദേഹം ഉദ്ദേശിക്കുന്നത് പ്രൊപ്പഗാണ്ടയാണെങ്കില്‍ പോലും സിനിമ നന്നായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ്. പക്ഷേ, ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്ന് ഞാന്‍ പറയും’ ധ്രുവ് റാഠിയുടെ വാക്കുകൾ.
ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ ഇതിനോടകം 500 കോടി പിന്നിട്ടുകഴിഞ്ഞു. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിറമിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സാറ അര്‍ജുന്‍ ആണ് നായിക. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാര്‍ച്ചില്‍ റിലീസ് ചെയ്യും.