-->
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സന്ദേശം പോലൊരു സിനിമ ആലോചിച്ചിരുന്നെന്നും ഇനിയതു നടക്കില്ലെന്നും സത്യന്‍ അന്തിക്കാട്. ശ്രീനിവാസനുണ്ടായിരുന്നെങ്കില്‍ അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നു. മനുഷ്യന്‍ സംസാരിക്കുന്ന ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമുണ്ടാക്കാന്‍ ശ്രീനിയെപ്പോടെ വേറെയാരുമുണ്ടായിട്ടില്ല. ശൂന്യതയില്‍നിന്നുപോലും ശ്രീനി നര്‍മമുണ്ടാക്കുമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്‍ അനുസ്‌മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശം പോലൊരു സിനിമ ചെയ്യണമെന്ന് ഒരുപാട് ഭാഗത്തുനിന്ന് ആളുകള്‍ പറഞ്ഞു. താനും ശ്രീനിയും അതേപ്പറ്റി ചിന്തിച്ചിരുന്നു. നിഷ്‌കളങ്കനായ ഒരു വ്യക്‌തി ഇന്നത്തെ സാഹചര്യത്തില്‍ രാഷ്‌ട്രീയത്തെ കാണുന്നതു സിനിമയാക്കണമെന്നാണ് ആലോചിച്ചത്. മോഹന്‍ലാലിനെപ്പോലെ ഒരാള്‍ ചെയ്യുന്ന കഥാപാത്രം. ഇനിയതു നടക്കില്ലെന്ന് ഉറപ്പാണ്. നടനായിപ്പോയതുകൊണ്ട് ശ്രീനിവാസന്‍ എന്ന എഴുത്തുകാരനെ വേണ്ടവിധത്തില്‍ നമ്മള്‍ ആഘോഷിച്ചിട്ടില്ല. മികച്ച തിരക്കഥകൃത്തുക്കളുടെ പേരുപറയുന്ന കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നുവെയുള്ളൂ. നേരേമറിച്ച്, എഴുത്തുകാരന്‍ മാത്രമായിരുന്നെങ്കില്‍ ശ്രീനിവാസന്‍ തിരക്കഥകള്‍ ഇതിനേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. മലയാള സിനിമയെ നന്മയുടെ ഭാഗത്തേക്കു വഴിതിരിച്ചുവിട്ട എഴുത്തുകാരനാണ് ശ്രീനിവാസനെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. എഴുത്തുകാരനെന്ന രീതിയില്‍ ശ്രീനിയെ ഇനിയായിരിക്കും നമ്മള്‍ തിരിച്ചറിയാന്‍ പോകുന്നത്. ശ്രീനിവാസനേക്കാള്‍ പ്രതിഭ തെളിയിച്ച ഒരാളെ മലയാള സിനിമയില്‍ കണ്ടുമുട്ടിയിട്ടില്ല. അസുഖബാധിതനെങ്കിലും ശ്രീനിവാസന്‍ ദൂരെയുണ്ടെന്ന വിശ്വാസവും ധൈര്യം ഇതുവരെ ഉണ്ടായിരുന്നു. ആ ധൈര്യം നഷ്‌ടമായെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.