-->
കൂത്താട്ടുകുളം: നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. കൗണ്‍സിലര്‍ക്ക് യു.ഡി.എഫ്. പ്രവര്‍ത്തകന്റെ മര്‍ദനത്തില്‍ പരുക്ക്.
16-ാം വാര്‍ഡ് കൗണ്‍സിലര്‍ ജോമി മാത്യുവിനാണു പരുക്കേറ്റത്. സത്യപ്രതിജ്‌ഞയ്‌ക്ക് ഊഴംകാത്ത് ടൗണ്‍ ഹാളിലെ കസേരയില്‍ ഇരുന്നിരുന്ന കൗണ്‍സിലറെ യു.ഡി.എഫുകാരനായ മംഗലത്ത് താഴം ജോസഫ് കുര്യന്‍ പിന്നില്‍നിന്നു കഴുത്തിനിടിക്കുകയായിരുന്നു. പരുക്കേറ്റ ജോമി മാത്യു ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടിയശേഷമാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസഫ് കുര്യനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. തുടര്‍ന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തിന്റെ ബാക്കിപത്രമാണ് ആക്രമണത്തിനു പിന്നിലെന്നു പറയുന്നു.
തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ജോസഫ് കുര്യനും മകനും ശ്രമിച്ചെന്നും അതില്‍ പരാജയപ്പെട്ടപ്പോള്‍ കൊല്ലാന്‍ ശ്രമിക്കുകയാണ് ചെയ്‌തതെന്നും ജോമി മാത്യു ആരോപിച്ചു.