Sunday, March 15, 2026 Last Updated 33 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.04 AM

തിരക്കിനിടയിലും തിരക്കഥ എഴുതിത്തന്ന ശ്രീനി

1995 ല്‍ ഞാന്‍ ചെയ്‌ത ശിപായി ലഹള എന്ന സിനിമയുടെ തിരക്കഥാ രചനയുടെ സമയം മുതലാണ്‌ ശ്രീനിവാസനുമായുള്ള അടുപ്പം ആരംഭിച്ചത്‌.
ശിപായിലഹള സിനിമ ചെയ്യുന്ന സമയത്ത്‌ ശ്രീനിവാസന്‍ മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു. ഞാനാണെങ്കില്‍ സിനിമയില്‍ ഒന്നും ആയിട്ടുമില്ലായിരുന്നു.
പഴയ പരിചയം വച്ച്‌ ഒരു സ്‌ക്രിപ്‌റ്റ് എഴുതിത്തരണം എന്ന്‌ ശ്രീനിയോട്‌ ആവശ്യപ്പെട്ടു. നിന്നു തിരിയാന്‍ പറ്റാത്ത അത്ര തിരക്കാണ്‌, മൂന്നോ നാലോ തിരക്കഥ എഴുതി തീര്‍ക്കാനുണ്ട്‌ എന്നൊക്കെ പറഞ്ഞ ശ്രീനി, നല്ല ഒരു കഥയുണ്ടെങ്കില്‍ നമുക്കു നോക്കാം എന്നു പറഞ്ഞു. അതു തല്‍ക്കാലം ഒഴിഞ്ഞുമാറാന്‍ വേണ്ടി പറഞ്ഞതായിരുന്നു എന്ന്‌ ശ്രീനിവാസന്‍ തന്നെ പിന്നീട്‌ എന്നോടു പറഞ്ഞിട്ടുണ്ട്‌. മൂപ്പര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന ഒരു കഥ ഉടനെ ഉണ്ടാക്കാന്‍ എന്നെക്കൊണ്ട്‌ കഴിയില്ല എന്നദ്ദേഹം കരുതി.
പക്ഷേ, ഞാന്‍ എന്റെ കൈയില്‍ ഉണ്ടായിരുന്ന ഒരു കഥ അന്നു തന്നെ ശ്രീനിയോടു പറഞ്ഞു. കുട്ടനാട്ടിലെ എന്റെ ഗ്രാമത്തില്‍ എനിക്കു പരിചയമുള്ള ഒരാളുടെ നര്‍മ്മം നിറഞ്ഞ കഥയായിരുന്നു അത്‌. കഥ കേട്ടതും ശ്രീനി കുറേ നേരം എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. കഥ ഇഷ്‌ടപ്പെട്ടില്ല എന്നെനിക്കു തോന്നി. ശ്രീനിവാസന്‍ പെട്ടെന്ന്‌ തന്റെ സ്വതസിദ്ധമായ നോണ്‍ സ്‌റ്റോപ്പ്‌ ചിരി ചിരിച്ചിട്ടു പറഞ്ഞു. ഈ കഥ കൊള്ളാം വിനയാ, ഇതില്‍ ചില സംഗതികളുണ്ട്‌, ഞാനെഴുതാം... അങ്ങനെ ശ്രീനിയേയും മുകേഷിനേയും നായകന്‍മാരാക്കി ശിപായി ലഹള എന്ന സിനിമ പിറന്നു. സിനിമയോടുള്ള ശ്രീനിവാസന്റെ സത്യസന്ധമായ കാഴ്‌ചപ്പാടാണ്‌ ഞാനവിടെ കണ്ടത്‌. സൂപ്പര്‍ റൈറ്ററായി വാഴുന്ന ആ സമയത്ത്‌ ശ്രീനിക്കു വേണമെങ്കില്‍ ഒഴിഞ്ഞുമാറാമായിരുന്നു.ശിപായിലഹള സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട്‌ മിസ്‌റ്റര്‍ ക്ലീന്‍ ഉള്‍പ്പെടെ കുറെ സിനിമകളില്‍ അദ്ദേഹവുമായി ഒരുമിച്ചു പ്രവര്‍ത്തിച്ചു. തിരക്കഥാ രചനയില്‍ ഒരു ജീനിയസ്‌ ആയിരുന്നു ശ്രീനിവാസന്‍. ആക്ഷേപ ഹാസ്യത്തിലൂടെ ശ്രീനിവാസന്‍ മുന്നോട്ടുവച്ച സാമൂഹ്യ വിമര്‍ശനങ്ങള്‍ മലയാള സിനിമ ഉള്ളിടത്തോളം കാലം സ്‌മരിക്കപ്പെടും.

Ads by Google
Monday 22 Dec 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW