Sunday, March 15, 2026 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.04 AM

ജയില്‍ ഡി.ഐ.ജിയുടെ സസ്‌പെന്‍ഷന്‍ ഉടന്‍

തിരുവനന്തപുരം: തടവുകാരില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന ജയില്‍ ഡി.ഐ.ജി: എം.കെ. വിനോദ്‌ കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തുകൊണ്ട്‌ ഇന്ന്‌ ഉത്തരവിറങ്ങിയേക്കും. വിജിലന്‍സ്‌ ശിപാര്‍ശ അടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍.
തടവുകാര്‍ക്കു പരോള്‍ നല്‍കുന്നതിനും ജയിലിനുള്ളില്‍ വഴിവിട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി വിനോദ്‌ കുമാറും ഭാര്യയും ചേര്‍ന്ന്‌ 75 ലക്ഷത്തിലധികം രൂപ കൈക്കൂലി വാങ്ങിയെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കരുതെന്ന്‌ സി.പി.എമ്മിലെ ഒരു വിഭാഗവും നിലപാട്‌ എടുത്തിട്ടുണ്ട്‌.
ഉടനടി നടപടി സ്വീകരിക്കേണ്ട കാര്യം വൈകുന്നതിന്‌ പിന്നില്‍ രാഷ്‌ട്രീയ ഇടപെടല്‍ ആണെന്ന ആരോപണം ശക്‌തമാണ്‌. ഗുരുതരമായ അഴിമതി ആരോപണങ്ങളും അനധികൃത സ്വത്ത്‌ സമ്പാദനവും തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയലില്‍ തീരുമാനമാകാത്തതാണ്‌ ആക്ഷേപങ്ങള്‍ക്ക്‌ ഇടയാക്കുന്നത്‌. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത്‌ എന്നിവരുമായി ഡി.ഐ.ജിക്ക്‌ അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ക്ക്‌ ജയിലില്‍ പ്രത്യേക പരിഗണന നല്‍കാന്‍ പണം കൈപ്പറ്റിയെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്‌. വിയ്യൂര്‍ ജയിലില്‍നിന്നും വിരമിച്ച ഒരു ഉദ്യോഗസ്‌ഥന്‍ മുഖേന ഗൂഗിള്‍ പേ വഴിയായിരുന്നു പണമിടപാടുകള്‍ അധികവും നടന്നത്‌. ഇത്രയും ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ വിജിലന്‍സ്‌ സ്‌ഥിരീകരിച്ചിട്ടും ഉന്നതതലത്തിലുള്ള രാഷ്‌ട്രീയ സ്വാധീനം കാരണമാണ്‌ സസ്‌പെന്‍ഷന്‍ നടപടികള്‍ വൈകുന്നതെന്ന വിമര്‍ശനം ശക്‌തമാണ്‌. ഇദ്ദേഹത്തിന്റെ അനധികൃത സ്വത്ത്‌ സമ്പാദനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്‌.

Ads by Google
Monday 22 Dec 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW