-->
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ലക്ഷ്യമിട്ടു നിര്‍ണായക യു.ഡി.എഫ്. യോഗം ഇന്ന് കൊച്ചിയില്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും ചര്‍ച്ച ചെയ്യും. തൊഴിലുറപ്പുബില്ലും ശബരിമല സ്വര്‍ണക്കൊള്ളയും ചര്‍ച്ചയാക്കാനും സമരം കടുപ്പിക്കാനുമാണു യു.ഡി.എഫിന്റെ തീരുമാനം. പി.വി. അന്‍വറിനെയും സി.കെ. ജാനുവിനെയും മുന്നണിയില്‍ ഉള്‍പ്പെടുത്താനും ധാരണയുണ്ട്. യു.ഡി.എഫ്. യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളും.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫിന്റെ സീറ്റ് വിഭജനത്തില്‍ ഇന്ന് പ്രാഥമിക ധാരണകളുണ്ടാകും. സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനും സ്‌ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാനുമാണു നീക്കം. കഴിഞ്ഞ തവണ മത്സരിച്ച അതേ രീതിയില്‍ സീറ്റ് വിഭജനം നടക്കും. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം), സോഷ്യലിസ്‌റ്റ് ജനതാ പാര്‍ട്ടി എന്നീ കക്ഷികള്‍ യു.ഡി.എഫില്‍ എത്തുമെന്ന് കരുതുന്നവരുണ്ട്. ഇവര്‍ എത്തിയാല്‍ കൊടുക്കേണ്ട സീറ്റുകളെക്കുറിച്ചു ചര്‍ച്ച നടക്കും. അതിനിടെ വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന് സി.എം.പി. ആവശ്യപ്പെടുമെന്നാണു സൂചന. കേരളാ കോണ്‍ഗ്രസ് ജേക്കബും അധിക സീറ്റിന് സമ്മര്‍ദ്ദം ചെലുത്തും. ഇതിനോട് കോണ്‍ഗ്രസും മുസ്‌ലീം ലീഗും എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാണ്.
മണ്‌ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയാറാക്കാനാണു കോണ്‍ഗ്രസ് തീരുമാനം. ഉറപ്പായും ജയിക്കുന്ന സീറ്റുകള്‍, ശക്‌തമായി പ്രവര്‍ത്തിച്ചാല്‍ പിടിച്ചെടുക്കുന്ന സീറ്റുകള്‍, സാധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ മണ്‌ഡലങ്ങളെ തരം തിരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എല്‍ഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ടാണ് കൂടുതല്‍ കിട്ടിയത്. ഈ സാഹചര്യം വലിയ വിജയം യു.ഡി.എഫിന് നിയമസഭയില്‍ നല്‍കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ആദ്യ യു.ഡി.എഫ്. യോഗമാണു ഇന്നു നടക്കാനിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം ഫെബ്രുവരി അവസാനത്തോടെ വന്നേക്കുമെന്നാണു സൂചന.