Sunday, March 15, 2026 Last Updated 29 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.04 AM

ശബരിമല വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കല്‍

കൊച്ചി: ശബരിമല വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ വിജ്‌ഞാപനം ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക്‌ ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്‌ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ഹൈക്കോടതി നിരീക്ഷിച്ചു. 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്‌ഞാപനമായിരുന്നു ഇറക്കിയത്‌. വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഇതു ചോദ്യംചെയ്‌ത്‌ ഗോസ്‌പല്‍ ഏഷ്യാ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്‌റ്റിസ്‌ സി. ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്‌. ചെറുവള്ളി എസ്‌റ്റേറ്റും പുറത്തുള്ള 307 ഏക്കറും ഉള്‍പ്പെടെഏറ്റെടുക്കാനുള്ള നീക്കം ഇതോടെ അനിശ്‌ചിതത്വത്തിലായി.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കീഴിലാണു ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. 2022 ഡിസംബര്‍ 30 ന്‌ വിജ്‌ഞാപനം ഇറക്കി. എന്നാല്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കണക്കനുസരിച്ച്‌ വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്കു പോലും 1,200 ഏക്കര്‍ മതിയാകുമെന്നു കോടതി നിരീക്ഷിച്ചു.
ഇത്രയധികം ഭൂമി എന്തിനാണ്‌ ഏറ്റെടുക്കുന്നതെന്നും കോടതി ചോദിച്ചു. ഈ കേസില്‍ ഇത്രയധികം ഭൂമി എന്തിനാണ്‌ ഏറ്റെടുക്കുന്നതെന്നു വ്യക്‌തമാക്കുന്നതില്‍ സോഷ്യല്‍ ഇംപാക്‌ട്‌ അസസ്‌മെന്റ്‌ യൂണിറ്റും എക്‌സ്‌പേര്‍ട്ട്‌ കമ്മിറ്റിയും സര്‍ക്കാരും പരാജയപ്പെട്ടെന്ന്‌ ഉത്തരവില്‍ സൂചിപ്പിക്കുന്നു. പുതിയ സാമൂഹികാഘാത പഠനത്തിനും കോടതി നിര്‍ദേശം നല്‍കി. വിമാനത്താവളത്തിന്‌ ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും നിര്‍ദേശമുണ്ട്‌.
അതേസമയം, ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിരുന്നു. പദ്ധതിക്കായി വിട്ടുനല്‍കേണ്ടി വരുന്ന സ്‌ഥലത്തെ മരങ്ങളുടെയും കെട്ടിടങ്ങളുടെയും കൃത്യമായ മൂല്യം കണക്കാക്കാനുള്ള വിപുലമായ സര്‍വേ ആരംഭിക്കുകയും ചെയ്‌തു. മണിമല വില്ലേജിലെ സ്വകാര്യ ഭൂമികളിലാണു മഹസര്‍ തയാറാക്കുന്നത്‌. രാജകീയ വൃക്ഷങ്ങള്‍ മുതല്‍ സാധാരണ മരങ്ങളും കൃഷികളും വരെ ലിസ്‌റ്റ്‌ ചെയ്‌ത്‌ അര്‍ഹമായ നഷ്‌ടപരിഹാരം ഉറപ്പാക്കാനാണു റവന്യൂ സംഘത്തിന്റെ നീക്കം. വീടുകളുടെയും കെട്ടിടങ്ങളുടെയും മൂല്യം പൊതുമരാമത്ത്‌ വകുപ്പും തേക്കും ഈട്ടിയും പോലുള്ള രാജകീയ വൃക്ഷങ്ങളുടെ മൂല്യം വനംവകുപ്പും മറ്റുകാര്‍ഷിക വിളകളുടെ മൂല്യം കൃഷി വകുപ്പും നേരിട്ടെത്തിയാണ്‌ തിട്ടപ്പെടുത്തുന്നത്‌. ഇതെല്ലാം നിര്‍ത്തിവയ്‌ക്കേണ്ടി വരും.
വിമാനത്താവളത്തിന്റെ പ്രധാന ഭാഗമായ ചെറുവള്ളി എസ്‌റ്റേറ്റില്‍ മാത്രം സര്‍വേ തുടങ്ങാന്‍ സര്‍ക്കാരിനായില്ല. ഭൂമിയുടെ ഉടമസ്‌ഥാവകാശത്തര്‍ക്കം കോടതിയിലായതിനാല്‍ സര്‍വേ അനുവദിക്കില്ലെന്ന്‌ എസ്‌റ്റേറ്റ്‌ അധികൃതര്‍ കര്‍ശന നിലപാട്‌ എടുത്തു.
എസ്‌റ്റേറ്റ്‌ മാനേജ്‌മെന്റ്‌ സര്‍വേ തടഞ്ഞതോടെ, നിയമോപദേശം തേടാനായി ലാന്‍ഡ്‌ അക്വിസിഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ ജില്ലാ കലക്‌ടര്‍ക്കു കത്ത്‌ നല്‍കിയിരുന്നു. കലക്‌ടറുടെ മറുപടി ലഭിച്ചാലുടന്‍ എസ്‌റ്റേറ്റില്‍ പോലീസ്‌ കാവലില്‍ സര്‍വേ നടത്താനായിരുന്നു നീക്കം.

Ads by Google
Monday 22 Dec 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW