-->
സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ഡിസംബർ 22ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആൻറണി രാജു എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും.
സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി എം ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ എസ് കെ പി രമേശ് എന്നിവർ ചടങ്ങില്‍ സംസാരിക്കും.
ഫെയറുകൾ ജനുവരി ഒന്ന് വരെയാണ് ഉണ്ടാവുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും.
പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50ശതമാനം വരെ വിലക്കുറവും നൽകും. സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.