-->
കാലാതിവര്‍ത്തിയായ കഥാപാത്രങ്ങളിലൂടെയും നര്‍മരംഗങ്ങളിലൂടെയും മലയാളിയെ ചിരിയിലൂടെ ചിന്തിപ്പിച്ച ബഹുമുഖചലച്ചിത്രപ്രതിഭ ശ്രീനിവാസന്‍ (69) ഇനി ഓര്‍മയുടെ അഭ്രപാളികളില്‍. അഭിനയം, തിരക്കഥ, സംവിധാനം എന്നിങ്ങനെ ചലച്ചിത്രമേഖലയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീനി, ജീവിതത്തില്‍ നാട്യങ്ങളേതുമില്ലാത്ത പച്ചമനുഷ്യനുമായിരുന്നു. എന്നും കാണുന്ന നാട്ടുകാരെന്നപോലെ, ശ്രീനി സൃഷ്‌ടിച്ചതും വേഷമിട്ടതുമായ കഥാപാത്രങ്ങളോടു മലയാളി അത്രമേല്‍ താദാത്മ്യം പ്രാപിച്ചു.
ഇന്നലെ രാവിലെ 8.40-നായിരുന്നു അതുല്യകലാകാരന്റെ ആകസ്‌മിക വേര്‍പാട്. ഉദയംപേരൂര്‍, കണ്ടനാട്ടെ വസതിയില്‍നിന്ന് എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് പതിവ് ഡയാലിസിസിനു പോകുമ്പോള്‍ അസ്വസ്‌ഥത അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍നിന്ന് വസതിയിലെത്തിച്ച ഭൗതികശരീരം ഉച്ചയ്‌ക്ക് ഒന്നോടെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് വീണ്ടും വീട്ടിലെത്തിച്ചു. സംസ്‌കാരം ഔദ്യോഗികബഹുമതികളോടെ ഇന്ന് രാവിലെ 10-ന് വീട്ടുവളപ്പില്‍.
ഭാര്യ വിമല. മക്കള്‍: നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍, നടനും സംവിധായകനും തിരക്കഥാകൃത്തുമായ ധ്യാന്‍ ശ്രീനിവാസന്‍. മരുമക്കള്‍: ദിവ്യ വിനീത്, അര്‍പ്പിത. കണ്ണൂര്‍, തലശേരി, പാട്യം സ്വദേശിയായ ശ്രീനിവാസന്‍ ദീര്‍ഘകാലമായി എറണാകുളത്തെ കണ്ടനാട്ടാണ് സ്‌ഥിരതാമസം. 1956 ഏപ്രില്‍ നാലിനു ജനനം. പഴയ മദ്രാസില്‍ (ചെന്നൈ) ദീര്‍ഘകാലം ചെലവഴിച്ച അദ്ദേഹം, മലയാള സിനിമ കൊച്ചിയില്‍ കേന്ദ്രീകരിച്ചതോടെയാണ് ഇവിടേക്ക് താമസം മാറ്റിയത്. സിനിമയ്‌ക്കൊപ്പം ജൈവകൃഷിയിലും തത്‌പരനായിരുന്ന ശ്രീനിവാസന്‍ കണ്ടനാട് നെല്ലും പച്ചക്കറികളും കൃഷിചെയ്‌തിരുന്നു.
മണിമുഴക്കമാണ് (1977) ശ്രീനിവാസന്‍ അഭിനയിച്ച ആദ്യചലച്ചത്രം. 'ഓടരുതമ്മവാ ആളറിയാം' (1984) ആദ്യതിരക്കഥ. വടക്കുനോക്കിയന്ത്രം (1989), ചിന്താവിഷ്‌ടയായ ശ്യാമള (1998) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. രണ്ടും ദേശീയ, സംസ്‌ഥാനപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. 'പഞ്ചവടിപ്പാല'ത്തിനുശേഷം മലയാളം കണ്ട ഏറ്റവും മികച്ച രാഷ്‌ട്രീയ ആക്ഷേപഹാസ്യ സിനിമയായാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'സന്ദേശം' കണക്കാക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് വേളകളില്‍ പതിവായി സന്ദേശത്തിലെ രംഗങ്ങള്‍ ട്രോളുകളായി പുനര്‍ജനിക്കുന്നു.
സാധാരണക്കാരന്റെ പ്രശ്‌നഭരിതമായ ജീവിതം നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ച 'നാടോടിക്കാറ്റ്' മലയാള സിനിമയില്‍ പുതിയൊരു തരംഗം സൃഷ്‌ടിച്ചു. അതിന്റെ തുടര്‍ച്ചകളായ പട്ടണപ്രവേശവും അക്കരെ അക്കരെ അക്കരെയുമെല്ലാം വിജയന്‍, ദാസന്‍ എന്നീ മോഹന്‍ലാല്‍, ശ്രീനിവാസന്‍ കഥാപാത്രങ്ങളെ മലയാളിയുടെ മനസില്‍ ലബ്‌ധപ്രതിഷ്‌ഠരാക്കി. പ്രവാസി മലയാളിയുടെ ജീവിതപ്രാരാബ്‌ധങ്ങള്‍ വരച്ചുകാട്ടിയ 'വരവേല്‍പ്പ്' മുന്‍പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ പരാമര്‍ശത്തിനുപോലും അര്‍ഹമായി. മലയാളിയുടെ പൊങ്ങച്ചത്തെ പരിഹസിച്ച തലയണമന്ത്രം, സംരംഭകര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ ദാമ്പത്യപ്രശ്‌നങ്ങളുടെ മേമ്പൊടിയോടെ ആവിഷ്‌കരിച്ച മിഥുനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്‌ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, ഉദയനാണ് താരം, കഥ പറയുമ്പോള്‍ തുടങ്ങിയവയാണ് ശ്രീനിയുടെ തൂലികയില്‍ പിറന്ന മറ്റ് പ്രധാന ഹിറ്റുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ സജി ചെറിയാന്‍, പി. രാജീവ്, അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി പ്രമുഖരുടെ നീണ്ടനിര ശ്രീനിവാസന് അന്ത്യോപചാരമര്‍പ്പിക്കാനെത്തി.