Sunday, March 15, 2026 Last Updated 56 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

ശ്രീനിവാസന്‍ സിനിമകളിലെ രാഷ്‌ട്രീയ 'സന്ദേശം'

''എന്താ ഉത്തമാ ജനങ്ങള്‍ നമ്മളോടിങ്ങനെ പെരുമാറിയത്‌?'' കഴിഞ്ഞ 13നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിയത്‌ ഈ ചോദ്യമായിരുന്നു. മൂന്നാം തുടര്‍ഭരണം ലക്ഷ്യമിട്ട ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ അടിപതറിയപ്പോള്‍ ജനവും പാര്‍ട്ടിക്കാരും ഒരുപോലെ ചോദിച്ച ചോദ്യം. കഴിഞ്ഞ 34 വര്‍ഷമായി ഈ ചോദ്യം ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോഴും മുഴങ്ങുന്നു. കണ്ണൂരിലെ പാട്യമെന്ന ചുവപ്പ്‌ ഗ്രാമത്തില്‍നിന്ന്‌ മലയാള സിനിമയുടെ തലപ്പൊക്കത്തോളം വളര്‍ന്ന ശ്രീനിവാസന്റെ തിരക്കഥകളിലെല്ലാം വ്യക്‌തമായ ഒരു രാഷ്‌ട്രീയമുണ്ടായിരുന്നു. മറ്റൊരര്‍ഥത്തില്‍ രാഷ്‌ട്രീയമില്ലാതെ ഒരു തിരക്കഥയും പൂര്‍ണമായിരുന്നില്ല. 'സന്ദേശം' എന്ന സിനിമ വെറുമൊരു സിനിമ മാത്രമായിരുന്നില്ല, ഒരെഴുത്തുകാരന്റെ ദീര്‍ഘവീക്ഷണം കൂടിയായിരുന്നു.
'എന്താ ഉത്തമാ ജനങ്ങള്‍ നമ്മളോടിങ്ങനെ പെരുമാറിയത്‌' എന്ന ചോദ്യത്തിന്‌ ഉത്തമന്‍ പറയുന്ന മറുപടിയുണ്ട്‌: ''അതേ, ഒരു പാര്‍ട്ടിയിലും പെടാത്ത നിഷ്‌പക്ഷമതികളായ കുറെ ജനങ്ങളുണ്ടല്ലോ. ആ തെണ്ടികളാ ഇത്തവണ നമ്മളെ പറ്റിച്ചത്‌.''
'നമ്മുടെ ഗവണ്‍മെന്റ്‌ എന്തൊക്കെ ജനങ്ങള്‍ക്കു കൊടുത്തു'വെന്ന്‌ കോട്ടപ്പള്ളി ചോദിക്കുമ്പോള്‍ 'കൂടുതലും വാഗ്‌ദാനങ്ങളാ കൊടുത്തത്‌' എന്ന ഉത്തമന്റെ മറുപടി കേട്ട്‌ അന്നു മലയാളികള്‍ ചിരിച്ചെങ്കിലും വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ അത്‌ ഏറെ ചിന്തിപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ്‌ പെന്‍ഷന്‍ കൂട്ടിയതും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കാം. 'സന്ദേശം' നല്‍കുന്ന സന്ദേശവും കേരള രാഷ്‌ട്രീയവും 34 വര്‍ഷത്തിനപ്പുറവും ഒരിഞ്ചുപോലും മാറിയിട്ടില്ല എന്നതാണു സത്യം. അവിടെയാണ്‌ ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്റെ ദീര്‍ഘവീക്ഷണം വിജയിച്ചത്‌.
ശ്രീനിവാസന്‍ എഴുതിയ ഓരോ വാക്കിലും രാഷ്‌ട്രീയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാവന വേഷമിട്ട 200 സിനിമകളോ എഴുതിയ 54 തിരക്കഥകളോ അല്ല. മറിച്ച്‌ മലയാളസിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച നവഭാവുകത്വത്തിന്റേതായിരുന്നു. സാധാരണക്കാരുടെ ജീവിതം നര്‍മ്മഭാവനയോടെ കൈകാര്യം ചെയ്‌ത അപൂര്‍വം തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസന്‍. പ്രാരബ്‌ധങ്ങളും ജീവിക്കാനുള്ള തത്രപ്പാടുകളും അതിജീവനത്തിനുള്ള ചെറിയ തരികിടകളുമൊക്കെ കാണിച്ച്‌ നമ്മള്‍ക്കിടെയില്‍ ജീവിച്ചിരുന്ന മനുഷ്യരെ അദ്ദേഹം അഭ്രപാളികളിലെത്തിച്ചു.ആക്ഷേപഹാസ്യത്തിന്റെ മുള്‍മുനകൊണ്ടു കോറിയെടുത്ത കഥാപാത്രങ്ങളായിരുന്നു അവരൊക്കെ.
നാടോടിക്കാറ്റിലെ തൊഴില്‍രഹിതരായ ദാസനും വിജയനും മുതല്‍ സൂപ്പര്‍സ്‌റ്റാര്‍ രാജപ്പനും ബാര്‍ബര്‍ ബാലനും ഇം?ീഷ്‌ മീഡിയത്തിലെ മാസ്‌റ്ററും വരെ ഇങ്ങനെ ജീവിതത്തിന്റെ സാധാരണത്വത്തില്‍നിന്ന്‌ ഉയരാന്‍ ശ്രമിച്ചവരാണ്‌.
ജീവിതമെന്നാല്‍ വിജയിച്ചവരുടെ കഥകള്‍ മാത്രമല്ല, തോറ്റവരുടേതു കൂടിയാണെന്ന്‌ വരവേല്‍പ്പ്‌ എന്ന ചിത്രത്തിലെ ബസ്‌ വാങ്ങിയ പ്രവാസി മലയാളിയുടെ ദുരന്ത ജീവിതത്തിലൂടെ ശ്രീനിവാസന്‍ ഉള്ളുലയുന്ന വിധത്തില്‍ പറഞ്ഞുതന്നു. കമ്യൂണിസ്‌റ്റുകാരനും റിട്ട. അധ്യാപകനുമായ തന്റെ പിതാവ്‌ ബസ്‌ വാങ്ങിയപ്പോള്‍ അനുഭവിച്ച സഹനജീവിതം മറ്റൊരു വിധത്തില്‍ ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശം, വെള്ളാനകളുടെ നാട്‌, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, അറബിക്കഥ തുടങ്ങിയ ചിത്രങ്ങളില്‍ കേരളത്തിന്റെ രാഷ്‌ട്രീയ അപചയങ്ങളെ കൃത്യമായി തുറന്നുകാണിക്കുന്നുണ്ട്‌ ശ്രീനിവാസന്‍. സന്ദേശത്തിലെ കുമാരപിള്ള സാറിന്റെ താത്വിക അവലോകനങ്ങള്‍ ഇന്നും ട്രോളുകളായി നിറയുന്നത്‌ എഴുത്തുകാരനെന്ന നിലയിലുള്ള ശ്രീനിവാസന്റെ ദീര്‍ഘദര്‍ശിത്വവും കാലത്തിനു മുമ്പേ സഞ്ചരിച്ച അത്ഭുത പ്രതിഭാവിലാസവും കാരണമാണ്‌.
ശ്രീനിവാസന്റെ ഏറ്റവും ഇഷ്‌ടപ്പെട്ട തിരക്കഥ 'വെള്ളാനകളുടെ നാടാണ്‌'. ഗവണ്‍മെന്റ്‌ കരാറുകാരുടെയും പൊതുമരാമത്ത്‌ വകുപ്പിലെയും അഴിമതി ഇത്ര ശക്‌തമായി പറയുന്ന മറ്റൊരു സിനിമ മലയാളത്തിലുണ്ടാകില്ല. നര്‍മ്മത്തിന്റെ മേമ്പൊടി ചാര്‍ത്തി ശ്രീനിവാസന്‍ ആ സിനിമയില്‍ എഴുതിയ ഓരോ ഡയലോഗും ഇന്നും പ്രസക്‌തമാണ്‌.
അതുപോലെ 'മിഥുനം' സിനിമ. സ്വന്തമായി ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരനെ സര്‍ക്കാരും വിവിധ വകുപ്പുകളും ചേര്‍ന്ന്‌ കഷ്‌ടപ്പെടുത്തുന്നതാണ്‌ ഇതിവൃത്തം. കാലം മാറിയിട്ടും ആ 'സിസ്‌റ്റം' മാത്രം ഇന്നും മാറിയിട്ടില്ല. കൈകൂലി കൊടുത്താല്‍ മാത്രം ഒപ്പിടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നമ്മുടെ ശാപമാണ്‌. മിഥുനത്തിലെ തന്നെ മറ്റൊരു രംഗം ഏറെ ചിന്തിപ്പിക്കുന്നതാണ്‌. നായകനായ സേതു (മോഹന്‍ലാല്‍) തന്റെ തൊഴിലാളിയായ പ്രേമനുമൊന്നിച്ച്‌ (ശ്രീനിവാസന്‍) സൈക്കിള്‍ ചവിട്ടുന്നതാണു രംഗം. 'രാജ്യദ്രോഹവും കള്ളക്കടത്തും നടത്തുന്നവന്‌ മാലയിട്ടു സ്വീകരണം... ചുമ്മാതയല്ല ഈ രാജ്യത്ത്‌ സന്ന്യാസികളുടെ എണ്ണം പെരുകുന്നതെ'ന്ന്‌ സേതു പറയുമ്പോള്‍ പ്രേമന്റെ ഒരു ഡയലോഗുണ്ട്‌. 'എസ്‌.എസ്‌.എല്‍.സിക്കു പഠിക്കുമ്പോ ഞാന്‍ കുറച്ചുനാള്‍ നക്‌സലൈറ്റ്‌ ആയിരുന്നു. ടൂര്‍ പോകാന്‍ കാശ്‌ ചോദിച്ചിട്ട്‌ അമ്മാവന്‍ തന്നില്ല. നേരെ പോയി നക്‌സലൈറ്റായി' എന്ന്‌. അന്ന്‌ അതൊരു തമാശയായിരുന്നെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന ഒരു രാഷ്‌ട്രീയം പിന്തനീയമാണ്‌. നക്‌സൈലറ്റ്‌ പ്രസ്‌ഥാനങ്ങള്‍ ശക്‌തമായിരുന്ന കാലത്തിറങ്ങിയ സിനിമയാണത്‌. ചെറിയ കാരണങ്ങള്‍ കൊണ്ടാണ്‌ ആളുകള്‍ നക്‌സലൈറ്റാകുന്നതെന്നും അതില്‍ കൃത്യമായ രാഷ്‌ട്രീയമില്ലെന്നും പറയാതെ പറയുകയായിരുന്നു ശ്രീനി.
വരരേല്‍പ്പ്‌ എന്ന സിനിമ യൂണിയന്റെ അതിപ്രസരത്തെക്കുറിച്ചുള്ള രാഷ്‌ട്രീയമാണ്‌. ഗള്‍ഫില്‍ വര്‍ഷങ്ങളോളം കല്ലും മണ്ണും ചുമന്ന കാശുകൊണ്ട്‌ ഒരു ചെറുപ്പക്കാരന്‍ നാട്ടില്‍ വന്ന്‌ ബസ്‌ വാങ്ങിയപ്പോള്‍ അവന്‍ മൂരാച്ചിയായി, ബ്വൂര്‍ഷാ ആയി.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW