-->
പാലാ: ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുപത്തിയേഴുകാരനായ തമിഴ്‌നാട് സ്വദേശിക്കു പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സങ്കീര്‍ണ ശസ്‌ത്രക്രിയയിലൂടെ 'പുനര്‍ജന്മം' കഴിഞ്ഞ ഓഗസ്‌റ്റ് 28-നായിരുന്നു ബൈക്കപകടം.
അത്യാഹിത വിഭാഗത്തിലെ ആദ്യ പരിശോധനയില്‍തന്നെ, പാന്‍ക്രിയാസിന്റെ മധ്യഭാഗത്ത് ചതവുപറ്റിയതായും ഇടതു വൃക്കയ്‌ക്കു ഗുരുതര പരുക്കും നിരവധി ആന്തരിക പരുക്കുകളും അമിത രക്‌തസ്രാവവും ഉള്ളതായും സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മഞ്‌ജുരാജ് കെ.പി. കണ്ടെത്തി. ആന്തരിക പരുക്കുകള്‍മൂലം വയറിനകത്ത് രക്‌തം കെട്ടിക്കിടന്നിരുന്നു.
തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ റേഡിയോ ഡയഗ്‌നോസിസ് ആന്‍ഡ് ഇമേജിങ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാജേഷ് ആന്റണി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി പ്രോസീജറിലൂടെ അടിയന്തരമായി പിഗ്‌ടെയില്‍ ഡ്രെയിന്‍ സ്‌ഥാപിച്ചു. പാന്‍ക്രിയാസിന് ഉണ്ടായിരുന്ന ശക്‌തമായ ചതവിന്റെ ഫലമായി പാന്‍ക്രിയാറ്റിക് ഫ്‌ലൂയിഡ് ലീക്ക് ചെയ്യുന്നതും ആന്തരിക പരുക്കുകള്‍മൂലം വയറ്റിനകത്ത് രക്‌തം കെട്ടിക്കിടക്കുന്നതും അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചതോടെ അവയവങ്ങളുടെ പ്രവര്‍ത്തനവും ജീവനും സംരക്ഷിക്കുന്നതിനായി ഡോ. മഞ്‌ജുരാജ് കെ.പിയുടെ നേതൃത്വത്തില്‍ ഡയഗ്‌നോസ്‌റ്റിക് ലാപറോസ്‌കോപ്പിയും പെരിറ്റോണിയല്‍ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്‌ത്രക്രിയകള്‍ നടത്തുകയായിരുന്നു.
പാന്‍ക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതില്‍ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ സെപ്‌റ്റ ംബര്‍ 22-ന് വീണ്ടും ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകള്‍ നീക്കം ചെയ്‌തു. പിന്നീട് ഒക്‌ടോബര്‍ 6-ന് നടത്തിയ ശസ്‌ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്റെ വാല്‍ഭാഗവും സ്‌പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്‌റ്റമി നടത്തുകയും ചെയ്‌തു.
ശസ്‌ത്രക്രിയകള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ രോഗിക്കുണ്ടായ എന്ററോക്യൂട്ടേനിയസ് ഫിസ്‌റ്റുല മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്‌ധസംഘം നിയന്ത്രിത ഫിസ്‌റ്റുലയായി മാറ്റി ചികിത്സിച്ചു. മൂന്നരമാസത്തോളം നീണ്ട ചികിത്സയ്‌ക്ക് ശേഷം രോഗി സാധാരണ ഭക്ഷണം കഴിക്കുന്ന നിലയിലേക്ക് മടങ്ങിയതോടെ കഴിഞ്ഞ 30-ന് ഡിസ്‌ചാര്‍ജ് ചെയ്‌തു.
ഡോ. മഞ്‌ജുരാജ് കെ.പിയുടെ നേതൃത്വത്തില്‍ ഡോ. എ.ജി ഹരിശങ്കര്‍, ഡോ. കിരണ്‍ നാഥ് എ. വി എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂര്‍ത്തീകരിച്ചത്.
അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ലിബി ജി. പാപ്പച്ചന്‍, ഡോ. എബി ജോണ്‍, ഡോ. ജെയിംസ് സിറിയക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാജേഷ് ആന്റണി, മെഡിക്കല്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വിജയ് രാധാകൃഷ്‌ണന്‍, നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തരുണ്‍ ലോറന്‍സ്, പള്‍മനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. രാജ്‌കൃഷ്‌ണന്‍ എസ്, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോസ്‌കുട്ടി മാത്യു എന്നിവരും മാര്‍ സ്ലീവായിലെ ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.