-->
ശ്രീനിവാസന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചവര്‍ എന്നതിലുപരി എത്രയോ മുകളിലായിരുന്നു തങ്ങളുടെ സ്‌നേഹബന്ധമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു ശ്രീനിവാസന്റെ സൂഷ്ടികള്‍ എന്നും മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിന്റെ വാക്കുകള്‍:
'' യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു. മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു...''.
ഇന്ന് രാവിലെയാണ് ശ്രീനിവാസന്‍ അന്തരിച്ചത്. 69 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.
1976 മുതല്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ശ്രീനിവാസന്‍ മലയാളസിനിമയ്ക്ക് വലിയ സംഭാവന നല്‍കിയാണ് വിടവാങ്ങിയത്. 1956 ഏപ്രില്‍4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ ഒട്ടേറെ ഹിറ്റ് സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചത്.