-->
കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പ്രതികരിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിത. നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്‌ഥ വരാതിരിക്കട്ടെ എന്ന് മറുപടി.
അക്രമം നടന്നപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടതാണു താന്‍ ചെയ്‌ത തെറ്റെന്നു വൈകാരികമായി പ്രതികരിച്ചാണ് അതിജീവിത രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്‌ക്കു പിന്നാലെ സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പോലീസിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ കുറിപ്പ് പങ്കുവച്ചത്.
കേസില്‍ ഇരുവര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി മാര്‍ട്ടിനെതിരേ വീഡിയോ പങ്കുവച്ചതിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. അതിജീവിതയുടെ പേര്‍ വെളിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനുമെതിരേ തൃശൂര്‍ സിറ്റി പോലീസ് ആണ് കേസെടുത്തത്. കേസില്‍ അറസ്‌റ്റിലായ മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. പിന്നാലെ, വിചാരണസമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്.
അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: ഞാന്‍ ചെയ്‌ത തെറ്റ്. എനിക്കെതിരേ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടതാണ്. നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുപോയതാണ്. സംഭവിച്ചതെല്ലാം വിധിയാണെന്നു സമാധാനിച്ച് ആരോടും ഒന്നുംപറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്തുവരുമ്പോള്‍ ഇതെന്തുകൊണ്ട് അന്നേ പോലീസില്‍ പരാതിപ്പെട്ടില്ല എന്നു കുറ്റപ്പെടുത്തുന്നവരോട് എന്തുപറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു!
20 വര്‍ഷം ശിക്ഷയ്‌ക്കു വിധിച്ചു ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിനു മുമ്പേ ഒരു വീഡിയോ എടുത്തതു കണ്ടു. അതില്‍ ഞാനാണു നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടി പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്‌ഥ വരാതിരിക്കട്ടെ. ഇരയല്ല, അതിജീവിതയുമല്ല. ഒരു സാധാരണ മനുഷ്യന്‍.