-->
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയില്‍ ആവേശം വിതറിയ 'പോറ്റിയെ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' എന്ന പാരഡി ഗാനത്തിനു പിന്നാലെ പാഞ്ഞ പോലീസ് ഒടുവില്‍ നാണംകെട്ടു പിന്മാറുന്നു. പാട്ടിനെതിരേ കേസെടുത്തത് സര്‍ക്കാരിനും സി.പി.എമ്മിനും വലിയ തലവേദനയായതോടെയാണ് ഈ പിന്മാറ്റം. കേസെടുത്ത നടപടി ശുദ്ധ അബദ്ധമായെന്നു സി.പി.എമ്മില്‍ അമര്‍ഷം ഉയര്‍ന്നതോടെ അന്വേഷണത്തിനു കടിഞ്ഞാണിടാന്‍ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി: എച്ച്. വെങ്കടേഷിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.
നിലവിലെ കേസ് പിന്‍വലിച്ചാല്‍ അതു തോല്‍വിയായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍, കേസുമായി ഇനി അധികം മുന്നോട്ട് പോകേണ്ടെന്നാണു തീരുമാനം. പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഒഴിവാക്കും.
പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ടു മെറ്റയ്‌ക്കോ യൂട്യൂബിനോ കത്തയച്ച് വീണ്ടും നാണം കെടേണ്ടെന്നും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. നേരത്തെ ചില അക്കൗണ്ടുകളില്‍നിന്ന് പാട്ട് നീക്കം ചെയ്‌തെങ്കിലും ഇനി അത്തരം സൈബര്‍ ഓപ്പറേഷനുകള്‍ പാടില്ലെന്നാണ് പുതിയ നിര്‍ദ്ദേശം. ഈ പാട്ടിന്റെ പേരില്‍ കേസെടുത്താല്‍ കോടതിയില്‍നിന്നു കടുത്ത തിരിച്ചടിയുണ്ടാകുമെന്നു പോലീസിലെ ഉന്നതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ചിലരുടെ നിര്‍ബന്ധത്തിനു വഴങ്ങി നിയമോപദേശം തേടി കേസെടുക്കുകയായിരുന്നു. ഇതോടെ സംസ്‌ഥാനത്തെമ്പാടും പരാതി പ്രവാഹമായി. സി.പി.എം. അനുകൂല പാട്ടുകള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസുകാരും പരാതിയുമായി രംഗത്തെത്തിയതോടെ പോലീസ് പ്രതിസന്ധിയിലായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഈ കടന്നുകയറ്റത്തിനെതിരേ കോണ്‍ഗ്രസ് സമരം കടുപ്പിച്ചു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ സി.പി.എം. നേതാക്കളുടെ വീടിനു മുന്നിലെത്തി 'പോറ്റിപ്പാട്ട്' പാടുമെന്നു കെ. മുരളീധരന്‍ വെല്ലുവിളിച്ചു. ഇതെല്ലാം സര്‍ക്കാരിന്റെ പിന്നോട്ടുപോക്കിനു കാരണമായി. 'പോറ്റിയെ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' എന്ന പാരഡി ഗാനം അയ്യപ്പ ഭക്‌തരെ അപമാനിക്കുന്നതാണെന്നു കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയായിരുന്നു ഡി.ജി.പിക്കു പരാതി നല്‍കിയത്.