-->
തിരുവനന്തപുരം: കുടിവെള്ളക്ഷാമം കൊണ്ടു ജനം നട്ടംതിരിയുന്ന പാലക്കാട് ഏലപ്പുള്ളിയില്‍ സര്‍ക്കാര്‍ അനുവദിച്ച ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ സര്‍ഗാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. കേരളത്തെ മുഴുവന്‍ മദ്യലോബിക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായി ബ്രൂവറികള്‍ക്കും ഡിസ്‌റ്റലറികള്‍ക്കും
അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടുവെന്നതില്‍ സന്തോഷമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.വന്‍കൊള്ളയും അഴിമതിയുമാണ് ഇതില്‍ നടന്നത്. ഒരു നിമിഷം പോലും കളയാതെ സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണം.സംസ്‌ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്‌റ്റലറികളും വേണ്ടെന്ന 1999-ല്‍ അന്നത്തെ നയനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദേശത്തെ മറികടന്നുകൊണ്ടാണ് മദ്യലോബിയുമായി കൈകോര്‍ത്തുകൊണ്ട് പിണറായി സര്‍ക്കാര്‍ സംസ്‌ഥാനത്ത് മൂന്നിടത്ത് ബ്രൂവറികളും ഡിസ്‌റ്റലറികളും സ്‌ഥാപിക്കാന്‍ അതീവ രഹസ്യമായി ഉത്തരവിറക്കിയത്. 28/6/2018 ലാണ് പാലക്കാട് ഏലപ്പുള്ളിയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്‌ടാ ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിക്കാനുള്ള അനുമതി അപ്പോളോ ഡിസ്‌റ്റലറീസ് എന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ഈ ഉത്തരവ് പുറത്ത് വന്ന ഉടനെ തന്നെ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ മദ്യലോബിയും സര്‍ക്കാര്‍ തമ്മിലുള്ള
ഒത്തുകളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ മുന്നില്‍ താന്‍ കൊണ്ടുവന്നു. ഇതേത്തുടര്‍ന്ന് കടുത്ത പ്രതിഷേധം സംസ്‌ഥാനത്തുയരുകയും. സര്‍ക്കാരിന് തങ്ങളുടെ തിരുമാനത്തില്‍ നിന്നും യുടേണ്‍ അടിക്കേണ്ടി വരികയും ചെയ്‌തു. ഒരു പഠനംപോലും നടത്താതെയാണ് ബ്രൂവറിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത്. കടുത്ത കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന പ്രദേശമാണ് ഏലപ്പുള്ളി.