-->
തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ അതിജീവിതയെ തിരിച്ചറിയുന്നവിധം വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസില്‍ സന്ദീപ് വാര്യര്‍ക്കും എഫ്.ബി അക്കൗണ്ട് ഉടമ രഞ്‌ജിത പുളിക്കനും സോപാധിക മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്‌റ്റ് ചെയ്യുന്ന പക്ഷം ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല. അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി എസ്. നസീറയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരെ രണ്ടു പ്രതികളുടെയും അറസ്‌റ്റ് കോടതി തടഞ്ഞിട്ടുണ്ടായിരുന്നു. ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് ഉടമ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്‌ജിതാ പുളിക്കനാണ് ഒന്നാം പ്രതി. സുപ്രീം കോടതി അഭിഭാഷകയായ ദീപ് ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയും സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്. അഞ്ചാം പ്രതി രാഹുല്‍ ഈശ്വറാണ് ആദ്യം അറസ്‌റ്റിലായത്.