Sunday, March 15, 2026 Last Updated 57 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം എ. പദ്‌മകുമാറിനെതിരേ നടപടി വന്നേക്കും

പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ ജയിലിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പദ്‌മകുമാറിനെതിരേ നടപടി വേണമെന്നു സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി. പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ വിഷയത്തില്‍ നടപടി ഉണ്ടാകണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ സമീപ കാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള തിരിച്ചടിക്കു കാരണം സ്വര്‍ണക്കൊള്ളയാണെന്നും സെക്രട്ടേറിയറ്റ്‌ അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്‌റ്റിലായ ജില്ലാ കമ്മിറ്റിയംഗം എ. പദ്‌മകുമാറിനെതിരായ നടപടി എന്തിനാണ്‌ വൈകിക്കുന്നതെന്നും നേതാക്കള്‍ ചോദ്യമുയര്‍ത്തി.
അറസ്‌റ്റിനു മുമ്പു പദ്‌മകുമാര്‍ സ്‌ഥാനം സ്വയം ഒഴിയണമായിരുന്നെന്നും പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മുഖംരക്ഷിക്കാമായിരുന്നെന്നും അഭിപ്രായമുണ്ടായി. ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തില്‍ സംസ്‌ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.
മുതിര്‍ന്ന നേതാവും മുന്‍ ആറന്മുള എം.എല്‍.എയുമായിരുന്ന കെ.സി. രാജഗോപാല്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോഴഞ്ചേരി ഏരിയാ സെക്രട്ടറി സ്‌റ്റാലിനെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ചത്‌ അച്ചടക്ക ലംഘനമാണെന്നു സെക്രട്ടേറിയറ്റ്‌ യോഗം വിലയിരുത്തി. കെ.സി. രാജഗോപാലിനോടു വിശദീകരണം തേടും.
'പോറ്റിയെ കേറ്റിയേ' എന്ന പാട്ടിനു പാര്‍ട്ടി എതിരല്ലെന്നു ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. പരാതി നല്‍കിയതു തിരുവാഭരണപാത സംരക്ഷണ സമിതി എന്ന സ്വതന്ത്ര സംഘടനയാണ്‌. ഇവരുമായി പാര്‍ട്ടിക്കു ബന്ധമില്ല. ഇപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പമാണ്‌ സി.പി.എം. ഇക്കാര്യങ്ങളിളെല്ലാം സംസ്‌ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW