Sunday, March 15, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം സസ്‌പെന്‍ഷനില്‍ ഒതുക്കരുത്‌; മജിസ്‌ട്രേറ്റ്‌ തല അന്വേഷണം ആവശ്യപ്പെട്ട്‌ പരാതിക്കാരി

കൊച്ചി: എറണാകുളം നോര്‍ത്ത്‌ സ്‌റ്റേഷനിലെ പോലീസ്‌ മര്‍ദനത്തില്‍ എസ്‌.എച്ച്‌.ഒ. പ്രതാപചന്ദ്രനെതിരായ നടപടി സസ്‌പെന്‍ഷനിലൊതുക്കരുതെന്നു പരാതിക്കാരി. സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്നും സ്‌ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കണമെന്നും മര്‍ദനമേറ്റ ഷൈമോളും ഭര്‍ത്താവ്‌ ബെഞ്ചോയും ആവശ്യപ്പെട്ടു.
സസ്‌പെന്‍ഷന്‌ പിന്നാലെ പ്രതാപചന്ദ്രനെതിരേ പോലീസിന്റെ വകുപ്പുതല അന്വേഷണവും തുടങ്ങി. ഇതിനിടെ യുവതി മജിസ്‌ട്രേറ്റ്‌തല അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ്‌ ആവശ്യം. അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഷൈമോള്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്ത 17നു വിശദമായ വാദം കേള്‍ക്കും.
എറണാകുളം നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിവര്‍ത്തിയില്ലാതെയാണു സര്‍ക്കാര്‍ നടപടിയെടുത്തത്‌. വ്യക്‌തമായ ദൃശ്യങ്ങള്‍ക്കപ്പുറം പ്രതാപചന്ദ്രനെതിരേ മറ്റൊരു തെളിവ്‌ ആവശ്യമില്ലായിരുന്നു. എന്നാല്‍, സസ്‌പെന്‍ഷനില്‍ നടപടി ഒതുക്കരുതെന്നാണ്‌ അതിക്രമത്തിന്‌ ഇരയായ കൊച്ചിയിലെ ലോഡ്‌ജ്‌ ഉടമ ഷൈമോള്‍ക്കും ഭര്‍ത്താവ്‌ ബെഞ്ചോയ്‌ക്കും പറയാനുള്ളത്‌. ഒരു വര്‍ഷത്തിലേറെ അനുഭവിച്ചെന്നും സ്‌ത്രീയെന്ന നിലയില്‍ അപമാനിതയായെന്നും ഷൈമോള്‍ പറഞ്ഞു.
പോലീസ്‌ സ്‌റ്റേഷനകത്തു കയറിവന്നു കൈക്കുഞ്ഞുങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചുവെന്നും കുഞ്ഞുങ്ങളെ വലിച്ചെറിയാന്‍ ശ്രമിച്ചപ്പോഴാണ്‌ ഇടപെട്ടതെന്നുമായിരുന്നു സസ്‌പെന്‍ഷനു മുമ്പ്‌ പ്രതാപചന്ദ്രന്റെ വിശദീകരണം. ഇതിനെ ന്യായീകരിക്കാന്‍ സ്‌റ്റേഷനിലെ മറ്റുചില സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസും പുറത്തുവിട്ടു. ബെഞ്ചോയെ സ്‌റ്റേഷനകത്തേക്കു കൊണ്ടുപോകുന്നതും പിന്നാലെ കൈക്കുഞ്ഞുങ്ങളുമായി ഷൈമോള്‍ സ്‌റ്റേഷനിലേക്കു വരുന്നതും കാണാം. റിസപ്‌ഷനില്‍നിന്നു സംസാരിച്ച്‌ അകത്തേക്കു കയറാന്‍ ശ്രമിക്കുന്ന ഷൈമോളെ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ പിടിച്ചുവയ്‌ക്കുന്നതു ദൃശ്യത്തിലുണ്ട്‌. എന്നാല്‍ ഇതൊന്നും മുഖത്തടിച്ചതിനോ നെഞ്ചത്ത്‌ പിടിച്ചു തള്ളിയതിനോ ന്യായീകരണമല്ല. പുറത്തുവന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW