-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണം വന്‍ സ്രാവുകളിലേക്ക് തിരിയണമെന്നും അന്വേഷണത്തില്‍ എസ്.ഐ.ടി. ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ചില കുറ്റവാളികളെ ഒഴിവാക്കിക്കൊണ്ടാണോ അന്വേഷണമെന്നും ഹൈക്കോടതി ചോദിച്ചു.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ട തീരുമാനം ബോര്‍ഡിന്റെ കൂട്ടായ തീരുമാനമായിരുന്നു. അന്നത്തെ, 2019-ലെ ബോര്‍ഡ് മെമ്പര്‍മാരായ കെ.പി. ശങ്കര്‍ദാസിലേക്കും എന്‍.വിജയകുമാറിലേക്കും അന്വേഷണം പോകാതിരുന്നത് ഗുരുതരമായ വീഴ്‌ചയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പദ്‌മകുമാറിനെ പോലെ തന്നെ ഈ രണ്ട് ബോര്‍ഡ് മെമ്പര്‍മാരും കുറ്റകൃത്യത്തില്‍ ഒരേപോലെ പങ്കാളികളാണ്. ഇതില്‍ പദ്‌മകുമാറിനെതിരേ മാത്രമാണ് നടപടി ഉണ്ടായിട്ടുള്ളത്. മറ്റ് രണ്ടുപേര്‍ക്കെതിരേയും എന്തുകൊണ്ട് നടപടി എടുത്തില്ല. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ്. ബൈജു, ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പ്രത്യേക അന്വേഷണസംഘത്തിനെതിരേ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.