-->
ചേര്‍ത്തല: മുസ്ലിംലീഗിന്റെ ഏകാധിപത്യത്തെയും വര്‍ഗീയ നിലപാടുകളെയും ചോദ്യം ചെയ്‌തതിന്റെ പേരില്‍ തന്നെ വര്‍ഗീയവാദിയാക്കി വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ പ്രസ്‌ഥാനം ചങ്കുറപ്പോടെ നേരിടുമെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിംകളെയല്ല മുസ്ലിം ലീഗിന്റെ ഏകപക്ഷീയ നയങ്ങളെയാണ് മലപ്പുറത്ത് എതിര്‍ത്തത്.
അന്നത്തെ നിലപാടില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
യഥാര്‍ഥ മുസ്ലീം സമുദായത്തിനു ലീഗിന്റെ നിലപാടല്ല. അവരെയും തെറ്റിദ്ധരിപ്പിക്കാനാണ് ലീഗിലെ ചിലര്‍ ശ്രമിക്കുന്നത്.
പിന്നാക്ക മുന്നണിയുടെ പേരില്‍ ലീഗിന്റെ കൂടെ ഒന്നിച്ചു സമരത്തിനിറങ്ങുകയും അധികാരത്തിലെത്തിയപ്പോള്‍ തങ്ങളെ ആട്ടിയകറ്റുന്ന സമീപനമാണ് ഉണ്ടായത്. പിണറായി സര്‍ക്കാര്‍ അധികരത്തിലേറിയതിനൂ പിന്നാലെ വീണ്ടും ചങ്ങാത്തത്തിനെത്തിയെങ്കിലും പഴയ ചതി ഓര്‍ത്ത് ലീഗിനെ അകറ്റിയതിന്റെ വിരോധമാണിപ്പോള്‍ തീര്‍ക്കുന്നത്.
കോണ്‍ഗ്രസും യു.ഡി.എഫും മുസ്ലിം ലീഗിന്റെ അടിമകളായി. കോണ്‍ഗ്രസില്‍ ആര് നേതാവാകണമെന്ന് ലീഗ് തീരുമാനിക്കുന്ന സ്‌ഥിതിയായി. അവരെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് തനിക്കെതിരേ തിരിഞ്ഞത്.
മുസ്ലിം ലീഗ് ചാടിക്കളിക്കെടാ എന്നു പറയുമ്പോള്‍ ചാടിക്കളിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഈഴവരെ പൂര്‍ണമായി അവഗണിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്‌മാറിയെന്നും അദ്ദേഹം പറഞ്ഞു.