-->
തിരുവനന്തപുരം: സി.പി.എമ്മും പോഷക സംഘടനകളും ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്‌ടിക്കുകയാണെന്ന് ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഡോ. സിസ തോമസിനോടുള്ള സി.പി.എമ്മിന്റെ രാഷ്‌ട്രീയ വിരോധം മാത്രമാണ് സാങ്കേതിക, ഡിജിറ്റല്‍ സര്‍കലാശാലകളിലെ വി.സി നിയമനം നിയമകുരുക്കിലാക്കാന്‍ കാരണമായത്.
ഇതിന്റെ പേരില്‍ പാര്‍ട്ടിയുടെ പോഷകസംഘടനകളിലെ വിദ്യാര്‍ഥികളും അധ്യാപകരും മാസങ്ങളോളം അവര്‍ക്കെതിരേ പ്രക്ഷോഭം നടത്തി. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയുണ്ടായ അതിക്രമങ്ങളെ തുടര്‍ന്നു നിരവധി ഇടത് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ അറസ്‌റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്‌തതാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചപ്പോള്‍, പാര്‍ട്ടി നിര്‍ദേശപ്രകാരം രണ്ട് മന്ത്രിമാരെ മാത്രമാണ് ചര്‍ച്ചയ്‌ക്കായി അയച്ചത്. ഒടുവില്‍ മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ കണ്ടപ്പോഴാണ് വിഷയം പരിഹരിക്കപ്പെട്ടത്.
സെലക്ഷന്‍ കമ്മിറ്റികളിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയക്കുന്നതില്‍ നിന്ന്
സര്‍വകലാശാലാ സെനറ്റുകളെ തടഞ്ഞുകൊണ്ടും ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്‌ഞാപനങ്ങളെ ചോദ്യംചെയ്‌തും സംസ്‌ഥാന സര്‍ക്കാര്‍ വി.സി നിയമനങ്ങള്‍ ബോധപൂര്‍വം തടസ്സപ്പെടുത്തുകയായിരുന്നു. കൃത്യനിര്‍ഹണത്തിലെ വീഴ്‌ചയുടെ പേരില്‍ അന്നത്തെ രജിസ്ര്‌ടാര്‍ ഡോ. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തപ്പോള്‍, സി.പി.എമ്മും സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്ന് കേരള സര്‍വകലാശാലാ ക്യാമ്പസില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. ഇതിനെത്തുടര്‍ന്ന് നിരവധി ഇടത് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും അറസ്‌റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുകയും ചെയ്‌തു.-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.