-->
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്‌റ്റ് ചെയ്‌ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരേ തൃശൂര്‍ സൈബര്‍ പോലീസ് കേസെടുത്തു.
കേസില്‍ വിധി വന്നതിനു പിന്നാലെ മാര്‍ട്ടിന്‍ തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവച്ചതിനെത്തുടര്‍ന്നാണു നടപടി. ഈ വീഡിയോയുടെ പേരില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടി ഉണ്ടാകും.
മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയ സമയത്തു ചിത്രീകരിച്ചതെന്നു കരുതുന്ന വീഡിയോയില്‍ അതിജീവിതയുടെ പേര് പരാമര്‍ശിക്കുന്നതിനൊപ്പം അന്വേഷണ സംഘത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അതിജീവിത മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കുകയായിരുന്നു. തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി വേണമെന്ന നടിയുടെ ആവശ്യത്തെത്തുടര്‍ന്നു മുഖ്യമന്ത്രി അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കി. ഇതിനുപിന്നാലെയാണു തൃശൂര്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നിലവില്‍ കേസിലെ പ്രതിയായ മാര്‍ട്ടിന്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷാതടവുകാരനാണ്.