-->
കൊച്ചി: 'പോറ്റിയെ കേറ്റിയേ... സ്വര്‍ണം ചെമ്പായി മാറ്റിയേ...' എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നു ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു. 'ഈ പാട്ട് വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു. ജനങ്ങളെ സ്വാധീനിച്ചു.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട വരിയായി തോന്നിയത്, സ്വര്‍ണം കട്ടത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ... എന്നതാണ്. സഖാക്കളുടെ ചങ്കില്‍കൊണ്ട ഒരു വരിയാണ്. ഇതിന്റെ പേരിലാണ് പാട്ടിനെതിരേ സി.പി.എം. തിരിയുന്നത്. ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ടു കേരളത്തിലെ ഹൈന്ദവ സമൂഹത്തിനു തോന്നിയതായി ഒരു അഭിപ്രായമില്ല. വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും പരിഭവമോ പരാതിയോ ഉന്നയിച്ചതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കോണ്‍ഗ്രസുകാര്‍മാത്രമല്ല, എല്ലാവരും അത് ഉപയോഗിച്ചിട്ടുണ്ട്. സി.പി.എമ്മിനെ എതിര്‍ക്കുന്ന ബി.ജെ.പി. അടക്കം എല്ലാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. അതു ലീഗുകാരന്‍ എഴുതിയതായിരിക്കാം. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ എല്ലാവരും എടുത്തുപയോഗിക്കും. ബി.ജെ.പിയുടെ പ്രചാരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്'- അദ്ദേഹം പറഞ്ഞു.