-->
തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ പാരഡി പാട്ടിനെതിരേ പരാതി നല്‍കിയ ആള്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറലായ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയെ്‌ക്കതിരേയാണ് പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചത്. പൊതുപ്രവര്‍ത്തകനായ കുളത്തൂര്‍ ജയ്‌സിങ്ങാണ് പരാതി നല്‍കിയത്. പ്രസാദ് കുഴിക്കാലയുടെ സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
നേരത്തേ പ്രസാദിന്റെ പരാതി തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ. ഹരിദാസും രംഗത്തുവന്നിരുന്നു. സംഘടനയില്‍നിന്നും പുറത്തുപോയ വ്യക്‌തിയാണ് പ്രസാദ് എന്നും പുതിയ സംഘടന രൂപീകരിച്ചെന്നും ഹരിദാസ് ആരോപിച്ചിരുന്നു.
ഒരു പേരില്‍ ഒരു സംഘടനയ്‌ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രസാദിന്റെ സംഘടനയ്‌ക്ക് അംഗീകാരമുണ്ടോ എന്നു പരിശോധിക്കണമെന്നുമാണ് കുളത്തൂര്‍ ജയ്‌സിങ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലഭിച്ച പരാതി അന്വേഷണത്തിനായി മുഖ്യമന്ത്രി ഐ.ജിക്ക് കൈമാറി.അതേസമയം,'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തു.
പാട്ട് തയാറാക്കിയവരെ പ്രതികളാക്കിയാണ് കേസെടുത്തത്. ഗാനരചയിതാവ് ഉള്‍പ്പെടെ നാലുപേരെ പ്രതിചേര്‍ത്തു. കുഞ്ഞബ്‌ദുല്ല, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി. കുഞ്ഞബ്‌ദുള്ളയാണ് പാട്ടെഴുതിയത്.
ഖത്തറില്‍ വച്ചെഴുതിയ പാട്ട് നാട്ടിലെ സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് എന്ന ഗായകന്‍ ഇത് ആലപിക്കുകയും സി.എം.എസ്. മീഡിയ ഉടമ സുബൈര്‍ പന്തല്ലൂര്‍ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു.
നാസര്‍ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്‌തത്. പാട്ട് ഹിറ്റായതോടെ സംസ്‌ഥാനത്തും വിദേശങ്ങളിലുമെല്ലാം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.