Sunday, March 15, 2026 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി,ടേക്ക്‌ ഓഫിനിടെ ടയറുകള്‍ പൊട്ടി

നെടുമ്പാശേരി: ജിദ്ദയില്‍നിന്ന്‌ 160 യാത്രക്കാരുമായി കോഴിക്കോട്ടേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന്‌ കൊച്ചി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്‌. സാങ്കേതികത്തകരാറിനെത്തുടര്‍ന്ന്‌ രാവിലെ 9.08 നാണ്‌ ഐ.എക്‌സ്‌ 398 വിമാനം സിയാലിന്റെ സുസജ്‌ജമായ സംവിധാനത്തില്‍ സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്‌തത്‌. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്‌. ആര്‍ക്കും പരുക്കില്ല. ടയറുകളില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിടുകയായിരുന്നു.
തകരാറിനെത്തുടര്‍ന്നുള്ള ലാന്‍ഡിങ്‌ വിവരം രാവിലെ 08.35 നാണ്‌ സിയാലിനു ലഭിച്ചത്‌. എയര്‍പോര്‍ട്ട്‌ റെസ്‌ക്യൂ ഫയര്‍ ഫൈറ്റിങ്‌ (എ.ആര്‍.എഫ്‌.എഫ്‌), സി.ഐ.എസ്‌.എഫ്‌, ഗ്രൗണ്ട്‌ ഹാന്‍ഡ്‌ലിങ്‌ ഏജന്‍സികള്‍, ഇതര റെസ്‌ക്യൂ സര്‍വീസുകള്‍ എന്നിവയുള്‍പ്പെടെയുള്ള സിയാല്‍ സംഘവും സംസ്‌ഥാന അഗ്‌നിശമന, പോലീസ്‌ സേനകളും ഉടന്‍തന്നെ എമര്‍ജന്‍സി സേവനങ്ങള്‍ മുന്‍കൂട്ടി സജ്‌ജീകരിച്ചു. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ വലതുഭാഗത്തുള്ള രണ്ടു ടയറുകളും പൊട്ടിയതായി സ്‌ഥിരീകരിച്ചു. അടിയന്തര ലാന്‍ഡിങ്ങിനെത്തുടര്‍ന്ന്‌ കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകി. മികച്ച ഏകോപനത്തിലൂടെ സുരക്ഷിത ലാന്‍ഡിങ്ങിനു സൗകര്യമൊരുക്കാന്‍ സിയാലിനു കഴിഞ്ഞതായി സിയാല്‍ മാനേജിങ്‌ ഡയറക്‌ടര്‍ എസ്‌. സുഹാസ്‌ പറഞ്ഞു. ജിദ്ദ വിമാനത്താവളത്തിലെ ടേക്ക്‌ ഓഫിനിടെ റണ്‍വേയില്‍ വച്ച്‌ ഏതോ ബാഹ്യവസ്‌തു തട്ടിയതുമൂലം വിമാനത്തിന്റെ ടയറിനു കേടുപാടുണ്ടായതായി സംശയമുണ്ടായതിനാലാണ്‌ മുന്‍കരുതല്‍ ലാന്‍ഡിങ്‌ നടത്തിയതെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ അറിയിച്ചു. യാത്രക്കാരെ റോഡുമാര്‍ഗം കോഴിക്കോട്‌ എത്തിക്കുന്നതായും അവര്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. സുരക്ഷിത ലാന്‍ഡിങും റണ്‍വേ ക്ലിയറന്‍സിനു ശേഷം സിയാലിലെ എല്ലാ ഓപ്പറേഷനുകളും സാധാരണ നിലയിലായിട്ടുണ്ട്‌.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW