Sunday, March 15, 2026 Last Updated 38 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.22 AM

' സ്വകാര്യതയിലേക്കുളള ഗുരുതരമായ കടന്നുകയറ്റം' ; എഐ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നടി നിവേദ

nivetha

എഐ ഉപയോഗിച്ച് നിര്‍മിച്ച തന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് നടി നിവേദ തോമസ്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നിവേദ വ്യക്തമാക്കി. ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെയാണ് നിവേദ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

താരം പങ്കുവച്ച ഒരു ചിത്രമാണ് എഐ ഉപയോഗിച്ച് വികലമാക്കി പ്രചരിപ്പിച്ചത്. ഈ ചിത്രം ശ്രദ്ധയില്‍പെട്ടതോടെ തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നു അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ഇത്തരം നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.

'' എന്റെ വ്യക്തിത്വത്തെയും സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പങ്കുവച്ച ഒരു സമീപകാല ചിത്രത്തെയും ദുരുപയോഗം ചെയ്യുന്ന തരത്തിലുളള എഐ നിര്‍മിത ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ടെന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമ്മതമില്ലാതെ ഇത്തരം ഉളളടക്കം നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ വേദനാജനകവും അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. ഇത് ഡിജിറ്റല്‍ സ്വത്വവഞ്ചനയും എന്റെ സ്വകാര്യതയിലേക്കുളള ഗുരുതരമായ കടന്നുകയറ്റവുമാണ്.

അജ്ഞാതമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ഉത്തരവാദികളായവര്‍ ഇത്തരം ഉളളടക്കം ഉടനടി നിര്‍ത്തലാക്കാനും നീക്കം ചെയ്യാനും നിര്‍ദേശിക്കുന്നു. ഈ പെരുമാറ്റം സാധൂകരിക്കുന്നതിലെ ദോഷങ്ങളെക്കുറിച്ച് തിരിച്ചറിയണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തിലുളളവ യാതൊരു തരത്തിലും വീണ്ടും പങ്കുവെക്കുകയോ പ്രതികരിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്''. അവര്‍ പറഞ്ഞു.

ഇത്തരം ചിത്രങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നത് തന്റെ വ്യക്തിത്വത്തിന്റെ ബോധപൂര്‍വമായ ദുരുപയോഗമായി കണക്കാക്കുകയും നിയമപരമായി നടപടിയെടുക്കുകയും ചെയ്യുമെന്നും പറഞ്ഞുകൊണ്ടാണ് നിവേദ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW