Tuesday, March 17, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 09.24 AM

' ക്രൂരവും വെറുപ്പുളവാക്കുന്നതുമായിരുന്നു അത്, ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നുപോയി' ; ' ധുരന്ധര്‍' കണ്ട അനുഭവം പങ്കുവച്ച് മുംബൈ ഭീകരാക്രമണ അതിജീവിത

survivor

രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ധുരന്ധര്‍'. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമ, 26/ 11 മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരമായ രാത്രിയെയാണ് അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ സിനിമ കണ്ട് പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് 26/11 ആക്രമണത്തെ അതിജീവിച്ച എഴുത്തുകാരിയായ രാജിത ബാഗ. സിനിമയിലെ ഒരു രംഗം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി അവര്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. രണ്‍വീര്‍ സിങിനെയും ആദിത്യ ധറിനെയും അവര്‍ പ്രശംസിക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണം നടന്ന ദിവസം താനും ഭർത്താവ് അജയ് ബാഗയും താജ് ഹോട്ടലിലായിരുന്നു തങ്ങിയിരുന്നതെന്ന് രാജിത ഓർമിച്ചു. ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യമാണെന്ന് വെളിപ്പെടുത്തിയ അവർ 14 മണിക്കൂറിനു ശേഷം ജീവനോടെ രക്ഷപ്പെട്ടെന്നും പറഞ്ഞു. ‘ധുരന്ധറി’ലെ ഏറ്റവും നടുക്കമുണ്ടാക്കിയ രംഗം ‘റെഡ് സ്‌ക്രീൻ’ രംഗമായിരുന്നു എന്ന് രാജിത എടുത്തുപറഞ്ഞു. 26/11 ലെ ഭീകരരുടെയും അവരുടെ പിന്നിലുള്ളവരുടെയും യഥാർത്ഥ ശബ്ദ രേഖകൾ കേൾപ്പിച്ച ഭാഗമായിരുന്നു അത്. ആ നിർദ്ദേശങ്ങൾ ക്രൂരവും മനുഷ്യത്വരഹിതവും വെറുപ്പുളവാക്കുന്നതുമായിരുന്നു. അത് കേട്ടപ്പോൾ തൻ്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയെന്ന് അവർ വെളിപ്പെടുത്തി.

ഓരോ ബോംബ് സ്ഫോടനത്തിലും ഓരോ വ്യക്തി കൊല്ലപ്പെടുമ്പോഴും അവ കൈകാര്യം ചെയ്യുന്നവർ അത് ആഘോഷിക്കുന്നത് കാണുമ്പോൾ, അത് നമ്മിൽ രോഷം നിറയ്ക്കുന്നില്ലെങ്കിൽ, ദേശീയ സുരക്ഷയോടുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കുന്നില്ലെങ്കിൽ മറ്റെന്താണ് ചെയ്യുക എന്നും രാജിത ചോദിച്ചു. പതിനേഴ് വർഷങ്ങൾ കടന്നുപോയെങ്കിലും, അന്നത്തെ സംഭവങ്ങളുടെ ഓർമയും തങ്ങൾക്ക് എന്ത് സംഭവിക്കാമായിരുന്നു എന്ന ചിന്തയും തന്നെ അടിമുടി ഉലച്ചുവെന്നും അവർ പറഞ്ഞു. വെറും 2-3 മിനിറ്റിനുള്ളിൽ 26/11 ൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പുതിയ തലമുറയ്ക്ക് മുഴുവൻ മനസ്സിലാക്കിക്കൊടുത്തതിന് ‘ധുരന്ധർ’ സിനിമയേയും ആദിത്യ ധറിനേയും അവർ അഭിനന്ദിച്ചു.

രാജിതയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് ആദിത്യ ധറും രംഗത്തെത്തി. “നിങ്ങളുടെ വാക്കുകൾ ഈ കഥ പറയേണ്ടതിൻ്റെ കാരണം ഞങ്ങളെ ഓർമിപ്പിക്കുന്നു. ക്രൂരമായ സത്യത്തെ പ്രതിഫലിപ്പിക്കാനാണ് ആ രംഗം രൂപപ്പെടുത്തിയത്. ഓർക്കാനും, ഒറ്റക്കെട്ടായി നിൽക്കാനും, അത്തരം ഇരുട്ട് ഒരിക്കലും തിരികെ വരാൻ അനുവദിക്കാതിരിക്കാനും വേണ്ടിയായിരുന്നു അത്. അതിജീവിച്ചതിനും, സംസാരിച്ചതിനും, നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിയതിനും നന്ദി.” ധർ പ്രതികരിച്ചു.

അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ , സാറ അര്‍ജുന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിച്ച ഈ ചിത്രം 12 ദിവസത്തിനുളളില്‍ ലോകമെമ്പാടുമായി 634 കോടി രൂപയാണ് നേടിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW