-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്‌റ്റ് ചെയ്‌തു. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പുവച്ച ഉദ്യോഗസ്‌ഥരില്‍ ഒരാളാണ് അന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന ശ്രീകുമാര്‍.
ഇന്നലെ രാവിലെ തിരുവനന്തപുരം ഈഞ്ചയ്‌ക്കലുള്ള എസ്.ഐ.ടി. ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്‌ത ശേഷമായിരുന്നു അറസ്‌റ്റ്. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ശ്രീകുമാറിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്‌തു. ശ്രീകുമാര്‍ നല്‍കിയ ജാമ്യപേക്ഷ കോടതി ഇന്നലെ പരിഗണിച്ചില്ല. സര്‍ണപ്പാളി കൊണ്ടുപോകാന്‍ തീരുമാനമെടുത്തതു മുരാരി ബാബു അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന സമയത്താണ്.
നേരത്തെ ശ്രീകുമാറിന്റെയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയുടെയും മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് നീട്ടി. കേസില്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി 22ന് പരിഗണിക്കും. കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ ഇന്നാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.അതിനിടെ, കേസില്‍ ഇ.ഡി. സമാന്തര അന്വേഷണം നടത്തുന്നതു ശരിയല്ലെന്ന് പ്രാസിക്യൂഷന്‍ വാദിച്ചു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്.ഐ.ആറും അന്വേഷണ രേഖകളും ആവശ്യപ്പെട്ട് ഇ.ഡി. നല്‍കിയ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി നാളെ വിധി പറയും. എഫ്.ഐ.ആര്‍. നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, കേസിന്റെ എല്ലാ രേഖകളും നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം.