-->
തിരുവനന്തപുരം: എ.പി.ജെ. അബ്‌ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലറായി ഡോ. സിസ തോമസ് ചുമതലയേറ്റു. ഗവര്‍ണറുമായുള്ള പോര് ഒത്തുതീര്‍പ്പായതിനേത്തുടര്‍ന്നാണ് ഡോ. സിസയുടെ നിയമനത്തിനു സര്‍ക്കാര്‍ സമ്മതം മൂളിയത്.
താത്‌കാലിക വി.സിയായി മുമ്പ് സിസയെ ഗവര്‍ണര്‍ നിയമിച്ചപ്പോള്‍ സര്‍ക്കാരിന്റെയും ഇടതുസംഘടനകളുടെയും എതിര്‍പ്പുമൂലം ചുമതലയേല്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കിട്ടിയ സ്വീകരണത്തില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാരുമായി സഹകരിച്ച് പോകുമെന്നും ഡോ. സിസ വ്യക്‌തമാക്കി.
പഴയതെല്ലാം കഴിഞ്ഞു. ഇനി മുന്നോട്ട് പോയാല്‍ മതി. അപാകതകളെല്ലാം പരിഹരിക്കും. സിസ തോമസ് എന്ന വ്യക്‌തിയല്ല, കെ.ടി.യു. എന്ന സ്‌ഥാപനമാണ് വലുത്. മിനിട്‌സ് മോഷ്‌ടിച്ചെന്നുവരെ തനിക്കെതിരേ ആരോപണമുയര്‍ന്നു. അതില്‍ വിഷമമുണ്ടായിരുന്നെന്നും ചുമതലയേറ്റശേഷം സിസ പറഞ്ഞു.
താത്‌കാലിക വി.സി. ഡോ. കെ. ശിവപ്രസാദില്‍നിന്നാണ് സിസ ചുമതലയേറ്റെടുത്തത്. ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി നിയമിക്കപ്പെട്ട ഡോ. സജി ഗോപിനാഥ് രണ്ടുദിവസത്തിനകം ചുമതലയേല്‍ക്കും. ഡോ. സജിയുടെ കാര്യത്തില്‍ ഗവര്‍ണറും വിട്ടുവീഴ്‌ചയ്‌ക്ക് തയാറായതോടെയാണ് പ്രശ്‌നപരിഹാരമായത്. സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം സമവായത്തിലായ പശ്‌ചാത്തലത്തില്‍, വി.സി. നിയമനക്കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.