Sunday, March 15, 2026 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 18 മോഡല്‍ പ്രീ സ്‌കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. ടീച്ചര്‍ക്ക്‌ 13,000 രൂപയായും ആയ/ഹെല്‍പ്പര്‍ക്ക്‌ 9000 രൂപയായുമാണ്‌ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ചത്‌. ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഇന്ത്യന്‍ മെഡിസിന്‍സ്‌) കേരള ലിമിറ്റഡി (ഔഷധി) ലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58-ല്‍ നിന്ന്‌ 60 വയസാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
മറ്റ്‌
തീരുമാനങ്ങള്‍

കേരള സംസ്‌ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്റെ പുതിയ റീജിയണല്‍ ഓഫീസ്‌ കോട്ടയത്തും ആലപ്പുഴയിലും ആരംഭിക്കും.
ഡെപ്യൂട്ടി മാനേജര്‍, ജൂനിയര്‍ അസിസ്‌റ്റന്റ്‌, ഓഫീസ്‌ അറ്റന്‍ഡന്റ്‌ തസ്‌തികകള്‍ അനുവദിക്കും. ഒപ്പം കോഴിക്കോട്‌ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഓഫീസിന്‌ അനുമതി നല്‍കും. നടത്തിപ്പുചെലവ്‌ കോര്‍പ്പറേഷന്‍ വഹിക്കണമെന്ന വ്യവസ്‌ഥയിലാണ്‌ അനുമതി.

മുണ്ടക്കയം ഭൂമി പതിവ്‌ സ്‌പെഷല്‍ ഓഫീസിലേക്ക്‌ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിച്ച രണ്ട്‌ ചെയിന്‍മാന്‍മാരുടെ നിയമനം സാധൂകരിച്ചു. ഓഫീസിന്‌ മാര്‍ച്ച്‌ 16 മുതല്‍ ഒരു വര്‍ഷത്തേക്ക്‌ കൂടി തുടര്‍ച്ചാനുമതി നല്‍കും.

രാത്രികാല പട്രോളിങ്ങിനിടെ അപകടത്തില്‍പ്പെട്ട്‌ കാല്‍ മുറിച്ചുമാറ്റിയ കാസര്‍ഗോഡ്‌ ജില്ലയിലെ ഹാര്‍ബര്‍ റസ്‌ക്യൂ ഗാര്‍ഡ്‌ എം.ബിനീഷിന്‌ നേരത്തെ അനുവദിച്ച 55,000 രൂപയുടെ ധനസഹായത്തിന്‌ പുറമേ അഞ്ചു ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്‌ അനുവദിക്കും.

കോഴിക്കോട്‌ സ്‌ഥാപിക്കുന്ന ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്റെ ഒന്നാം ഘട്ടത്തിലേക്ക്‌ തസ്‌തികകള്‍ അനുവദിച്ചു. പ്രഫസര്‍: 14, അസോസിയേറ്റ്‌ പ്രഫസര്‍: 7, അസി. പ്രഫസര്‍: 39 എന്നിങ്ങനെയാണിത്‌.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അവയവദാന പദ്ധതിയുടെ തുടര്‍ നടത്തിപ്പിന്‌ ഒരു ട്രാന്‍സ്‌പ്ലാന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ തസ്‌തിക നിലനിര്‍ത്തും.
മലപ്പുറം വേങ്ങര ഉപജില്ലയിലെ കാരാത്തോട്‌ പി.എം.എസ്‌.എ.എം.യു.പി. സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം ജൂനിയര്‍ അറബിക്‌ ഫുള്‍ടൈം തസ്‌തിക: 1, ജൂനിയര്‍ സംസ്‌കൃതം പാര്‍ട്ട്‌ ടൈം തസ്‌തിക: 1 എന്നീ അധിക തസ്‌തികകള്‍ അനുവദിക്കും.
മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ജീവനക്കാര്‍ക്ക്‌ എല്‍.ഐ.സി.യുമായി ചേര്‍ന്ന്‌ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

പാലക്കാട്ട്‌ കിന്‍ഫ്രയുടെ കൈവശമുള്ള 74 ഏക്കര്‍ ഭൂമി പെട്രോളിയം, ഓയില്‍, ലൂബ്രിക്കന്റ്‌ ടെര്‍മിനല്‍ സ്‌ഥാപിക്കാനും (70 ഏക്കര്‍), നിലവിലുള്ള എല്‍.പി.ജി. ടെര്‍മിനലിന്‌ പാര്‍ക്കിങ്‌ സൗകര്യം ഒരുക്കാനുമായി (4 ഏക്കര്‍) ബി.പി.സി.എലിന്‌ പാട്ടത്തിന്‌ നല്‍കുന്നതിന്‌ കിന്‍ഫ്രയും ബി.പി.സി.എലും തമ്മിലുള്ള പാട്ടക്കരാര്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ്‌ എന്നിവ ഇളവ്‌ ചെയ്‌തു നല്‍കും.
കോഴിക്കോട്‌ സൈബര്‍ പാര്‍ക്കില്‍ രണ്ടാമത്തെ ഐ.ടി. കെട്ടിടം നിര്‍മിക്കാന്‍ 190.22 കോടി രൂപ നബാര്‍ഡിന്റെ നിഡ മുഖാന്തിരം 15 വര്‍ഷത്തേക്ക്‌ വായ്‌പയായി സ്വീകരിക്കുന്നതിന്‌ വ്യവസ്‌ഥകള്‍ക്ക്‌ വിധേയമായി സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും.
സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‌ 100 കോടി രൂപയ്‌ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരന്റി എട്ടുവര്‍ഷത്തേക്ക്‌ വ്യവസ്‌ഥകള്‍ക്ക്‌ വിധേയമായി അനുവദിക്കും.
നാഷണല്‍ ഫോറെന്‍സിക്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്‍ഹാന്‍സ്‌മെന്റ്‌ സ്‌കീമിന്റെ ഭാഗമായി കേരളത്തില്‍ സെന്‍ട്രല്‍ ഫോറെന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി സ്‌ഥാപിക്കുന്നതിന്‌ ടെക്‌നോസിറ്റിയിലെ മേല്‍തോന്നയ്‌ക്കല്‍ വില്ലേജിലെ അഞ്ച്‌ ഏക്കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ പാട്ടത്തിന്‌ നല്‍കും. ഏക്കറിന്‌ പ്രതിവര്‍ഷം 100 രൂപ നിരക്കില്‍ 90 വര്‍ഷത്തേക്കാണ്‌ പാട്ടത്തിന്‌ നല്‍കുന്നത്‌.
ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിങ്‌ കോളജിന്‌ ബസ്‌ വാങ്ങാന്‍ അനുമതി.

കേരള ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന റോയ്‌ ഏബ്രഹാമിന്‌ കേരള സംസ്‌ഥാന സഹകരണ ബാങ്കിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായി നിയമനം നല്‍കും.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്ര?ഡക്‌ട്സ്‌ ലിമിറ്റഡില്‍ മാനേജിങ്‌ ഡയറക്‌ടറായി ടി.എസ്‌. ബാബുവിനെ നിയമിക്കും.

റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ്‌ ലിമിറ്റഡിലെ സ്‌ഥിരം ജീവനക്കാര്‍ക്ക്‌ 11-ാം ശമ്പള പരിഷ്‌കരണം അനുവദിക്കും.
സംസ്‌ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീതിന്റെ പുനര്‍നിയമന കാലാവധി ഒരു വര്‍ഷത്തേക്ക്‌ കൂടി ദീര്‍ഘിപ്പിക്കും.
ഗുരുവായൂര്‍ ദേവസ്വത്തിന്‌ വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.എ. യൂണിറ്റ്‌ ഒരു വര്‍ഷത്തേക്ക്‌ രൂപീകരിക്കും.
വയനാട്ടിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ വീടുകളുടെ മേല്‍ക്കൂരയിലെ ചോര്‍ച്ച പരിഹരിക്കുന്ന പ്രവൃത്തി, വയനാട്‌ ജില്ലാ നിര്‍മിതി കേന്ദ്ര മുഖേന നടപ്പാക്കും. ഇതിനായി അംബേദ്‌കര്‍ സെറ്റില്‍മെന്റ്‌ ഡവലപ്‌മെന്റ്‌ സ്‌കീം ശീര്‍ഷകത്തില്‍നിന്ന്‌ 6,77,50,000 രൂപ ചെലവഴിക്കും.

അഷ്‌ടമുടി കായലില്‍നിന്നു ഡ്രഡ്‌ജ് ചെയ്‌ത 45,000 മുതല്‍ 50,000 വരെ ക്യുബിക്‌ മീറ്റര്‍ മണ്ണ്‌ ചവറ ഗവ.സ്‌കൂളുകള്‍/കോളജ്‌ ഗ്രൗണ്ട്‌ നിര്‍മാണ പ്രവൃത്തികള്‍ക്ക്‌ അനുവദിക്കും.
പഞ്ചായത്തിന്റെ ഫീസും റവന്യൂ വകുപ്പില്‍നിന്നുള്ള സിനറേജ്‌ ചാര്‍ജും കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ റോയല്‍റ്റിയും ഒഴിവാക്കി നല്‍കും.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW