-->
തിരുവനന്തപുരം: ആയുര്‍വേദത്തിന്റെയും ചികിത്സാ പാരമ്പര്യങ്ങളുടെയും മികവിലൂടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിന് ട്രാവല്‍ പ്ലസ് ലെയ്‌ഷര്‍ ഇന്ത്യയുടെ 'ബെസ്‌റ്റ് വെല്‍നെസ് ഡെസ്‌റ്റിനേഷന്‍ 'പുരസ്‌കാരം. ട്രാവല്‍ പ്ലസ് ലെയ്‌ഷര്‍ ഇന്ത്യയുടെ 2025 ലെ ബെസ്‌റ്റ് അവാര്‍ഡ്‌സ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്.
യാത്ര, ലൈഫ് സ്‌റ്റൈല്‍, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ മികവിനെ ആദരിക്കാന്‍ വായനക്കാരുടെ വോട്ടിങ്ങിന്റെ അടിസ്‌ഥാനത്തിലാണ് ട്രാവല്‍ പ്ലസ് ലെയ്‌ഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ വിജയികളെ തെരഞ്ഞെടുക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ട്രാവല്‍ പ്ലസ് ലെയ്‌ഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യയുടെ എഡിറ്റര്‍ ഇന്‍ചീഫ് അക്ഷിത എം. ഭഞ്ച് ദിയോയില്‍നിന്ന് സംസ്‌ഥാന സര്‍ക്കാരിന്റെ അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യയിലെ വെല്‍നെസ് ടൂറിസം രംഗത്ത് കേരളത്തിന്റെ ആധിപത്യം അടിവരയിടുന്നതാണ് ബഹുമതിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.