-->
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച വികസിത് ഭാരത് ശിക്ഷാ അധിസ്‌ഥാന്‍ ബില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ഫെഡറല്‍ തത്വങ്ങളുടെ പൂര്‍ണമായ ലംഘനമാണിതെന്നും പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
കണ്‍കറന്റ് ലിസ്‌റ്റില്‍പ്പെട്ട ഉന്നത വിദ്യാഭ്യാസത്തെ പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലേക്കു കൊണ്ടുവരുന്ന ബില്ലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലോസ് 45, 47 പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമനുസരിച്ചാകും വ്യത്യസ്‌ത കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നു വ്യക്‌തമാക്കിയിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്ന പരിമിതമായ ഗ്രാന്റ്‌പോലും ഇല്ലതാക്കി എല്ലാ ഫണ്ടിങ്ങും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വഴിയാക്കി മാറ്റിയിട്ടുണ്ട്. ഇതിലുടെ കേന്ദ്ര വിദ്യാഭ്യാസ നയങ്ങള്‍ സംസ്‌ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കും.
കേരളംപോലെ കേന്ദ്രനയങ്ങളെ ചെറുക്കുന്ന സംസ്‌ഥാനങ്ങള്‍ക്ക് ഫണ്ടൊന്നും ലഭിക്കാത്ത സാഹചര്യവുമുണ്ടാകും.
സംസ്‌ഥാന സര്‍ക്കാരിന്റെ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളില്‍ കരിക്കുലം, സിലബസ് എന്നിവയിടക്കം കേന്ദ്രസര്‍ക്കാരിനു നേരിട്ട് ഇടപെടാനുള്ള അവസരം ബില്‍ നല്‍കുന്നുണ്ട്. ഇതു വലിയ പ്രത്യാഘതങ്ങള്‍ സൃഷ്‌ടിക്കും. കേരളം മാറ്റി നിര്‍ത്തിയ യു.ജി.സിയുടെ ഇന്ത്യന്‍ നോളജ് സിസ്‌റ്റമടക്കം ഇതുവഴി കരിക്കുലത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത സ്‌ഥാപനങ്ങള്‍ക്ക് 10 ലക്ഷം മുതല്‍ രണ്ടു കോടി വരെ രൂപ ഫൈന്‍ ചുമത്താന്‍ അധികാരം നല്‍കുന്നുണ്ട്.
പൂര്‍ണമായും സംസ്‌ഥാന ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളെ ഇതുവഴി കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിക്കും. നിര്‍ദേശം അനുസരിക്കാത്ത സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ വരെ ബില്‍ കമ്മിഷന് അധികാരം നല്‍കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ബില്ലിനെതിരേ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.