-->
പാലാ: നാല്‍പ്പത്തിമൂന്നാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് മൈതാനത്തു നടക്കും. തിരുപ്പിറവിക്ക് ആത്മീയമായി ഒരുങ്ങുന്നതിന്റെയും സിറോമലബാര്‍ സഭയുടെ സാമുദായിക ശാക്‌തീകരണ വര്‍ഷത്തിന്റെ രൂപതാതല ആരംഭത്തിന്റെയും ഭാഗമായി ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വന്‍ഷന്‍ കൂടുതല്‍ ശ്രദ്ധേയമാണെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദൈവവചനം ഒന്നിച്ചിരുന്നു പഠിക്കാനുളള വലിയ ദൗത്യമാണ് കഴിഞ്ഞ 43 വര്‍ഷമായി ബൈബിള്‍ കണ്‍വന്‍ഷനിലൂടെ രൂപത ചെയ്‌തുവരുന്നത്. രൂപതയുടെ കുടുംബ സമ്മേളനമായ ബൈബിള്‍ കണ്‍വന്‍ഷന്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസ സമൂഹം ഒരുമിച്ചുചേരുന്ന ഏറ്റവും വലിയ ആത്മീയസംഗമവും ആഘോഷവുമാണ്. സമുദായിക ശക്‌തീകരണ വര്‍ഷം ആചരിക്കാന്‍ സിറോമലബാര്‍ സഭ ആഹ്വാനം ചെയ്‌തിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ സഭാസമൂഹത്തിന്റെ കെട്ടുറപ്പും വിശ്വാസതീക്ഷ്‌ണതയും വര്‍ധിപ്പിക്കുകയെന്നതും കണ്‍വന്‍ഷന്റെ ലക്ഷ്യമാണ്.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നേതൃത്വം നല്‍കുന്ന അഞ്ചുദിവസത്തെ കണ്‍വന്‍ഷന്‍ ഉച്ചകഴിഞ്ഞ് 3.30 ന് ജപമാലയോടുകൂടി ആരംഭിക്കും. 4 ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് വചനപ്രേഘോഷണം. രാത്രി 9 ന് ദിവ്യകാരുണ്യാരാധനയോടെ സമാപിക്കും.
19 ന് വൈകുന്നേരം 5 ന് സിറോ മലബാര്‍ സഭ മുന്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാര്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
കണ്‍വന്‍ഷന്റെ അവസാന ദിവസമായ ഡിസംബര്‍ 23 ന് വൈകുന്നേരം മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും.
കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പബ്ലിസിറ്റി, സ്വീകരണം, ഫിനാന്‍സ്, വിജിലന്‍സ്, പന്തല്‍, അക്കോമഡേഷന്‍, ആരാധനാക്രമം, ഫുഡ്, ട്രാഫിക്, വോളണ്ടിയര്‍, സ്‌റ്റേജ്, ലൈറ്റ് സൗണ്ട്, കുടിവെള്ളം മദ്ധ്യസ്‌ഥപ്രാര്‍ത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനു നേതൃത്വം നല്‍കും.
സഭാംഗങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക പരിസ്‌ഥിതികളെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, ആത്മീയ മേഖലയില്‍ എന്നതുപോലെ വിശ്വാസികളുടെ ഭൗതിക ആവശ്യങ്ങളിലും അവര്‍ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ സത്വരമായ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണ് സീറോ മലബാര്‍ സഭ സാമുദായിക ശാക്‌തീകരണ വര്‍ഷം 2026 ആചരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് കര്‍മപദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണമാണ് ആദ്യഘട്ടത്തില്‍. രണ്ടാമത്തേത് പ്രായോഗിക ഘട്ടമാണ്. സിറോമലബാര്‍ സഭ ഒരു സമുദായമെന്ന നിലയില്‍ നിലനില്‍ക്കുന്നതിനും വളരുന്നതിനും സഹായകമാകുന്ന കര്‍മപദ്ധതികള്‍ നടപ്പാക്കുകയാണു ലക്ഷ്യം. ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ നടപ്പാക്കേണ്ടതും ക്രമേണ ലക്ഷ്യത്തിലെത്തേണ്ടതുമായ പദ്ധതികളെയാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്‌റ്റ്യന്‍ വേത്താനത്ത് (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍), മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിയ്‌ക്കല്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്‌ടര്‍ ഫാ. ജോസഫ് അരിമറ്റത്ത് (ജനറല്‍ കണ്‍വീനര്‍), ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍ (വളണ്ടിയര്‍ ചെയര്‍മാന്‍), ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, ജോര്‍ജുകുട്ടി ഞാവള്ളില്‍, പോള്‍സണ്‍ പൊരിയത്ത് (പബ്ലിസിറ്റി കണ്‍വീനര്‍മാര്‍), സണ്ണി പള്ളിവാതുക്കല്‍, ജിമ്മിച്ചന്‍ ഇടക്കര, സോഫി വൈപ്പന തുടങ്ങിയവര്‍ പങ്കെടുത്തു.