-->
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ആര്‍.ജെ.ഡി. നേതാവും മുന്‍മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലുമായി അതിജീവിത. എല്ലാ വിശദാംശങ്ങളും പരിശോധിച്ചല്ല ഹൈക്കോടതി ഉത്തരവെന്നും തീരുമാനത്തില്‍ പിഴവുണ്ടായെന്നും ആരോപിച്ചാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
കേരള വനംവകുപ്പില്‍ ഉന്നതസ്‌ഥാനങ്ങള്‍ വഹിച്ചിരുന്ന ഉദ്യോഗസ്‌ഥയുടെ പരാതിയിലെടുത്ത കേസിലാണ് നീലലോഹിത ദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടത്. ഒരു വര്‍ഷത്തേക്കു ശിക്ഷിച്ച വിചാരണക്കോടതി വിധി റദ്ദാക്കുകയായിരുന്നു. നിലവില്‍ ആര്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറിമാരിലൊരാളാണ് നീലലോഹിതദാസന്‍ നാടാര്‍.
1999 ഫെബ്രുവരി 27 നാണ് കേസിനാസ്‌പദമായ സംഭവം. നീലലോഹിതദാസന്‍ നാടാര്‍ അന്നു വനംമന്ത്രിയായിരുന്നു. അദ്ദേഹം ഫോണില്‍ നിര്‍ദേശിച്ച പ്രകാരം ഔദ്യോഗിക ചര്‍ച്ചയ്‌ക്കായി കോഴിക്കോട് ഗവ. ഗസ്‌റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്‌ഥയെ ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഒന്നാംനമ്പര്‍ മുറിയില്‍വച്ച് കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരേ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്‌ഥ പരാതി നല്‍കി. ഇതിനു പിന്നാലെഅന്നത്തെ ഡി.ജി.പിക്കും പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി.
രഹസ്യവിചാരണ നടന്ന കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് (നാല്) കോടതി നീലലോഹിതദാസന്‍ നാടാരെ ഒരുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്കു മാറ്റിവയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്നാണ് നാടാര്‍ ഹൈക്കോടതിയെ സമീപിച്ചത്.