-->
പേരാമ്പ്ര: പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പ്രസിഡന്റ് ഇരുന്ന പഞ്ചായത്ത് ഓഫീസില്‍ പ്രതീകാത്മക ശുദ്ധീകരണം നടത്തിയ മുസ്‌ളീംലീഗിന്റെ നടപടി വിവാദമാകുന്നു. ഇതിന് പിന്നാലെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപണം ഉയര്‍ത്തി പോലീസിന് പരാതി നല്‍കി. പേരാമ്പ്ര ഡിവൈഎസ്പിക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയാണ് പരാതി നല്‍കിയത്.
ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞദിവസം മുസ്‌ളീംലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ശുദ്ധീകരണം നടത്തിയതാണ് വിവാദമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയുമായെത്തി പഞ്ചായത്തില്‍ വെള്ളം തളിക്കുകയുണ്ടായി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരുന്ന പഞ്ചായത്തായിരുന്നു ചങ്ങരോത്ത്. സിപിഐഎം ഏരിയാകമ്മിറ്റി അംഗമായ ഉണ്ണി ഇവിടെ പ്രസിഡന്റാകുകയും ചെയ്തിരുന്നു.
എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ വന്‍ വിജയമാണ് യുഡിഎഫ് നേടിയത്. 20 വാര്‍ഡില്‍ 17 ഉം യുഡിഎഫ് നേടിയപ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. രണ്ട് സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് വിജയിച്ചത്. ഇതിന്റെ വിജയാഘോഷത്തിലാണ് ശുദ്ധീകരണം നടത്തിയതെന്നാണ് ലീഗിന്റെ വിശദീകരണം.
ജാതീയമായ അധിക്ഷേപമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു. നിയമനടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ ഡിവൈഎഫ്ഐയും പട്ടികജാതി ക്ഷേമസമിതിയും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.