Friday, March 13, 2026 Last Updated 53 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 09.05 AM

ഓസ്‌ട്രേലിയയില്‍ കൂട്ടവെടിവെയ്പ്പ് നടത്തിയയാള്‍ 30 വര്‍ഷം മുമ്പ് ഇന്ത്യ വിട്ടയാള്‍ ; ഹൈദരാബാദിലെ കുടുംബവുമായി ബന്ധമില്ല

uploads/news/2025/12/816439/australilan-shooter.jpg

ന്യൂഡല്‍ഹി: സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച നടന്ന കൂട്ട വെടിവയ്പ്പിന് പിന്നിലെ രണ്ട് പേരില്‍ ഹൈദരാബാദ് സ്വദേശി മൂന്ന് പതിറ്റാണ്ട് മുമ്പ് ഇന്ത്യ വിട്ടയാള്‍. 50 വയസ്സുള്ള സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്നും 1998 നവംബറില്‍ വിദ്യാര്‍ത്ഥി വിസയിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതെന്നും തെലങ്കാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പറഞ്ഞു.

ഏകദേശം 27 വര്‍ഷമായി അക്രം ഓസ്ട്രേലിയയില്‍ താമസിച്ചിരുന്നു, ആ കാലയളവില്‍ ഹൈദരാബാദിലെ അദ്ദേഹത്തിന്റെ കുടുംബവുമായി വലിയ ബന്ധമൊന്നും ഇല്ലാത്തയാളാണ്. അക്രത്തിന്റെ ആരോപിക്കപ്പെടുന്ന തീവ്രവാദവല്‍ക്കരണവും ഇന്ത്യയും തമ്മില്‍ പ്രവര്‍ത്തനപരമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു ബന്ധവുമില്ലെന്ന് തെലങ്കാന പോലീസ് പറയുന്നു.

തൊഴില്‍ തേടി ഇന്ത്യ വിടുന്നതിന് മുമ്പ് ഹൈദരാബാദില്‍ ബാച്ചിലര്‍ ഓഫ് കൊമേഴ്സ് ബിരുദം പൂര്‍ത്തിയാക്കിയതായി പോലീസ് പറഞ്ഞു. ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഇയാള്‍ യൂറോപ്യന്‍ വംശജയായ സ്ത്രീ എന്ന് പോലീസ് വിശേഷിപ്പിക്കുന്ന വെനേര ഗ്രോസോയെ വിവാഹം കഴിച്ചു. പിന്നീട് കുടുംബം ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കി. മകന്‍ നവീദ് അക്രത്തെ കൂടാതെ ഒരു മകളും സാജിദ് അക്രത്തിനുണ്ട്.

സാജിദ് അക്രം ഇപ്പോഴും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വച്ചിട്ടുണ്ട്. അതേസമയം ഇയാളുടെ മക്കള്‍ ഓസ്ട്രേലിയയില്‍ ജനിച്ചവരും ഓസ്ട്രേലിയന്‍ പൗരന്മാരുമാണ്. 2022 ലാണ് അക്രം അവസാനമായി ഹൈദരാബാദ് സന്ദര്‍ശിച്ചത്. സ്വത്ത് തര്‍ക്കത്തെയും മറ്റു കുടുംബപ്രശ്‌നങ്ങളെയും തുടര്‍ന്ന് ഹൈദരാബാദിലെ കുടുംബവുമായുള്ള ബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ വിച്ഛേദിച്ചു. 2017 ല്‍ പിതാവ് മരിച്ചിട്ട് പോലും ശവസംസ്‌കാര ചടങ്ങിലോ പിന്നീട് നടന്ന പ്രാര്‍ത്ഥനകളിലോ അക്രം പങ്കെടുത്തിരുന്നില്ല എന്നും പോലീസ് പറയുന്നു.

സാജിദ് ആക്രമണത്തിനിടെ പോലീസിന്റെ വെടിയേറ്റ് മരണമടഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതായി അധികൃതര്‍ പറയുന്ന മകന്‍ നവീദ് അക്രം (24) പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഭീകരപ്രവര്‍ത്തനമായിട്ടാണ് ഓസ്ട്രേലിയന്‍ അന്വേഷകര്‍ വിശേഷിപ്പിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW