-->
ന്യൂഡല്‍ഹി: ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ ബില്ല് ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചക്ക് വെയ്ക്കും. ഇന്ത്യാ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍ എത്തുന്നത്. ബില്ല് അവതരണത്തെ ഇന്നലെ തന്നെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു.
ബില്ല് സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് ഇരു സഭകളിലെയും അംഗങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കും. സഭ സമ്മേളിക്കുന്നതിന് മുമ്പായി രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ബില്ല് വിശദീകരുക്കുക. പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യത്തിന്റെ നിലപാട് വിശദീകരിക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലി കാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്ന് രാവിലെ 9.30ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ബില്ല് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അവതരിപ്പിച്ച ഘട്ടത്തില്‍ തന്നെ പ്രതിപക്ഷനിരയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനൊപ്പം, വേതനത്തിന്റെ 40% ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടി വെക്കുന്നതാണ് ബില്‍ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അധികാര വികേന്ദ്രീകരണത്തിനും ഭരണഘടനക്കും വിരുദ്ധമായ ബില്ല് പിന്‍വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ഇന്നലെ ശശി തരൂര്‍, കെസി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, സുപ്രിയ സുലെ, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കള്‍ ബില്ലവതരണത്തെ എതിര്‍ത്തു.
അതേസമയം, തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്നും 125 ആയി വര്‍ധിപ്പിച്ചു എന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ന്യായീകരണം. ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്ത് വന്നു. ബില്ല് സഭയില്‍ ചര്‍ച്ചയ്ക്ക് എത്തുമ്പോഴും ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.